ഇളവു നല്‍കാമെന്ന് ട്രംപ്; വിവരദോഷിയുടെ ഇളവ് വേണ്ടെന്ന് സാദിഖ് ഖാന്‍
|റിപബ്ലിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥിത്വത്തിലേക്ക് ഏറെ മുന്നോട്ട് പോയ ഡൊണാള്‍ഡ് ട്രംപ് തന്റെ വിവാദമായ മുസ്‍ലിം നിരോധ നിയമത്തില്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് ഇളവു നല്‍കാമെന്ന് പ്രസ്താവിച്ചു. എന്നാല്‍ വിവരദോഷിയായ ട്രംപിന്റെ ഇളവ് തനിക്ക് വേണ്ടെന്ന് സാദിഖ് ഖാന്‍ തിരിച്ചടിച്ചു.
റിപബ്ലിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥിത്വത്തിലേക്ക് ഏറെ മുന്നോട്ട് പോയ ഡൊണാള്‍ഡ് ട്രംപ് തന്റെ വിവാദമായ മുസ്‍ലിം നിരോധ നിയമത്തില്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് ഇളവു നല്‍കുമെന്ന് പ്രസ്താവിച്ചു. താന്‍ പ്രസിഡണ്ടായാല്‍ രാജ്യത്തേക്ക് മുസ്‍ലിംകള്‍ വരുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. ലേബര്‍ പാര്‍ട്ടി നേതാവായ സാദിഖ് ഖാന്‍ ലണ്ടന്‍ മേയറായി മികച്ച പ്രകടനം നടത്തുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. “എനിക്കേറെ സന്തോഷമുണ്ട്. ഇത് നല്ല ഒരു ചുവടുവെയ്പായിട്ടാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് എനിക്ക് പ്രത്യാശയുണ്ട്.” ട്രംപ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ട്രംപ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടാല്‍ തനിക്ക് അമേരിക്കയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് എല്ലാ നിയമങ്ങള്‍ക്കും അപവാദങ്ങളുണ്ടാകുമെന്ന് ട്രംപ് പ്രതികരിച്ചത്.
അതേ സമയം വിവരദോഷിയായ ട്രംപിന്റെ ഇളവ് തനിക്ക് വേണ്ടെന്ന് സാദിഖ് ഖാന്‍ തിരിച്ചടിച്ചു. “ഇത് എന്നെ മാത്രം ബാധിക്കുന്ന കാര്യമല്ല. എന്റെ സുഹൃത്തുക്കളെയും, കുടുംബാംഗങ്ങളെയും ലോകമെങ്ങുമുള്ള സമാന പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരെയും ബാധിക്കുന്ന കാര്യമാണിത്.” സാദിഖ് ഖാന്‍ നയം വ്യക്തമാക്കി. ഇസ്‍ലാമിനെ കുറിച്ച് യാതൊരു വിവരവുമില്ലാത്ത ട്രംപിന്റെ നിലപാടുകള്‍ ഇരു രാജ്യങ്ങളുടെയും സുരക്ഷയെ അപകടപ്പെടുത്തുമെന്നും ഖാന്‍ പറഞ്ഞു. മുഖ്യധാരാ മുസ്‍ലിം സമൂഹത്തെ അന്യവല്‍കരിച്ച് ഭീകരവാദികളുടെ താലത്തിലേക്ക് വെച്ചു കൊടുക്കുന്ന നടപടിയാണ് ട്രംപിന്റേത്. പടിഞ്ഞാറന്‍ ലിബറല്‍ മൂല്യങ്ങള്‍ ഇസ്‍ലാമുമായി ചേര്‍ന്ന് പോവില്ലെന്നാണ് ട്രംപും അദ്ദേഹത്തിനു ചുറ്റുമുള്ളവരും ധരിച്ചിരുന്നതെന്നും എന്നാല്‍ അവര്‍ തെറ്റാണെന്ന് ലണ്ടന്‍ തെളിയിച്ചതായും ഖാന്‍ പറഞ്ഞു.