ജോണ്‍ കെറി ഹിരോഷിമയില്‍; മാപ്പ് പറയാതെ മടക്കം
|അണുബോംബാക്രമണത്തിന്റെ നടുക്കമൊഴിയാത്ത ഹിരോഷിമയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എത്തി.
അണുബോംബാക്രമണത്തിന്റെ നടുക്കമൊഴിയാത്ത ഹിരോഷിമയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എത്തി. 1,40,000 ത്തിലേറെ പേരെ അണുബോംബ് വര്‍ഷിച്ചു കൊന്ന അമേരിക്കയില്‍നിന്ന് ഇതാദ്യമായാണ് ഒരു വിദേശകാര്യ സെക്രട്ടറി ഹിരോഷിമയിലെ സ്മാരകം സന്ദര്‍ശിക്കുന്നത്.
സ്മാരകത്തിലത്തെി പുഷ്പചക്രമര്‍പ്പിച്ചെങ്കിലും കൂട്ടക്കുരുതിക്ക് മാപ്പുപറയാതെയാണ് ജോണ്‍ കെറി മടങ്ങിയത്. കൂട്ടക്കൊലയുടെ ഭീകരത പ്രതീകാത്മാകമായി പ്രദര്‍ശിപ്പിച്ച മ്യൂസിയം ചുറ്റിക്കണ്ട കെറി കാഴ്ചകള്‍ തന്നെ നടുക്കിയെന്നും ഹൃദയഭേദകമാണിവയെന്നും അഭിപ്രായപ്പെട്ടു. ജി7 ഉച്ചകോടിയുടെ ഭാഗമായി ഹിരോഷിമയില്‍ സംഗമിച്ച ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കൊപ്പമായിരുന്നു നയതന്ത്ര പ്രാധാന്യമുള്ള സന്ദര്‍ശനം. 1945 ആഗസ്റ്റ് ആറിനായിരുന്നു അമേരിക്ക ഹിരോഷിമക്കുമേല്‍ ആണവായുധം പരീക്ഷിക്കുന്നത്. തീഗോളമായി മാറിയ നഗരം മണിക്കൂറുകള്‍ക്കകം സമ്പൂര്‍ണമായി നാമാവശേഷമായി. ഇവിടെയും അവസാനിപ്പിക്കാത്ത അമേരിക്ക മൂന്നാം നാള്‍ മറ്റൊരു ജപ്പാന്‍ നഗരമായ നാഗസാക്കിയിലും ഉഗ്രശേഷിയുള്ള അണുബോംബിട്ടു. ഇതോടെ ഭീതിയിലായ ജപ്പാന്‍ ആറു ദിവസത്തിനകം കീഴടങ്ങിയതോടെ രണ്ടാം ലോകയുദ്ധം അവസാനിച്ചു.
കെറി മാപ്പുപറയാതിരുന്നത് ജപ്പാന്‍ മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് വാര്‍ത്തയാക്കിയത്. അമേരിക്ക നടത്തിയ മഹാപരാധമായാണ് ജപ്പാന്‍ ജനത ആക്രമണത്തെ ഓര്‍ക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും അധികം വൈകാതെ ജപ്പാനിലെത്തുമെന്നാണ് സൂചന.