International Old
International Old

വ്യോമാക്രമണം; കിഴക്കന്‍ ഘൌത്തയില്‍ 250ലധികം പേര്‍ കൊല്ലപ്പെട്ടു

Jaisy
|
22 April 2018 8:49 AM GMT

കഴിഞ്ഞ 48 മണിക്കൂറിനിടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണമാണ് പുറത്തുവന്നിരിക്കുന്നത്

സിറിയന്‍ സര്‍ക്കാരിന്റെ വ്യോമാക്രമണത്തിലും വെടിവെപ്പിലും കിഴക്കന്‍ ഘൌത്തയില്‍ 250ലധികം പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 48 മണിക്കൂറിനിടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണമാണ് പുറത്തുവന്നിരിക്കുന്നത്. സിറിയന്‍ സര്‍ക്കാരും സഖ്യകക്ഷികളും കിഴക്കന്‍ ഘൌത്തയില്‍ വിമതര്‍ക്കെതിരായ ആക്രമണം തുടരുകയാണ്.

വിമതരെ കീഴടക്കാനുള്ള സിറിയന്‍ സര്‍ക്കാരിന്റെയും സഖ്യകക്ഷികളുടേയും ആക്രമണങ്ങളിലാണ് 250ലധികം പേര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. 2013ലെ രാസായുധ പ്രയോഗത്തിന് ശേഷം 2 ദിവസത്തിലുള്ള ഏറ്റവും വലിയ മരണ സംഖ്യയാണ് ഇതെന്ന് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘടന പറഞ്ഞു. ചൊവ്വാഴ്ച മാത്രം ബോംബ് വര്‍ഷിച്ചതിലൂടെ 106 പേര്‍ കൊല്ലപ്പെട്ടുവെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള യുദ്ധ നിരീക്ഷകര്‍ വ്യക്തമാക്കി. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂളുകളിലും ചന്തകളിലുമടക്കം സിറിയന്‍ സൈന്യം ആക്രമണം നടത്തുന്നുണ്ട്.

സിറിയന്‍ വിമത പ്രദേശത്തെ ആറ് ആശുപത്രകള്‍ രണ്ടു ദിവസത്തിനിടെ ആക്രമിക്കപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ആശുപത്രികള്‍ ആക്രമിക്കപ്പെട്ടത് നടുക്കമുളവാക്കുന്നുവെന്ന് ഐക്യരാഷ്ട്ര പ്രതിനിധി പാനോസ് മുംമ്തിസ് പറഞ്ഞു. യുഎന്നിന്റെ കണക്കില്‍ പെടാത്ത മറ്റൊരു പ്രധാന ആശുപത്രിയും തകര്‍ക്കപ്പെട്ടുവെന്ന് സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി അറിയിച്ചു. നിരന്തരമായ ആക്രമണങ്ങള്‍ കാരണം ദമസ്ക്കസ് പ്രദേശം ഭീതിയിലാണ്.

Related Tags :
Similar Posts