ഫലൂജയില്‍ ഇറാഖ് സൈന്യവും ഐഎസും തമ്മില്‍ കനത്ത പോരാട്ടം
|ഫലൂജ പിടിച്ചെടുക്കാനുള്ള ഇറാഖ് സൈന്യത്തിന്റെ നടപടിയെ ശക്തമായി പ്രതിരോധിച്ച് ഇസ്‍ലാമിക് സ്റ്റേറ്റ്.
ഫലൂജ പിടിച്ചെടുക്കാനുള്ള ഇറാഖ് സൈന്യത്തിന്റെ നടപടിയെ ശക്തമായി പ്രതിരോധിച്ച് ഇസ്‍ലാമിക് സ്റ്റേറ്റ്. സ്ഫോടനം നടത്തി സൈന്യത്തിന്റെ മുന്നേറ്റം തടയാനാണ് ഐഎസ് ശ്രമിക്കുന്നത്. പ്രതിരോധം ശക്തമായതോടെ കരുതലോടെ നീങ്ങാനാണ് ഇറാഖ് സൈന്യത്തിന്‍റെ തീരുമാനം. അതേസമയം 50000 വരുന്ന പ്രദേശവാസികളുടെ കാര്യത്തില്‍ ഇപ്പോഴും ആശങ്ക തുടരുകയാണ്.
ദക്ഷിണ ഇറാഖിലെ പ്രാന്തപ്രദേശമായ ന്യുആമിയയില്‍ സൈന്യം പ്രവേശിച്ചതോടയാണ് ഐഎസ് പ്രതിരോധം ശക്തമാക്കിയത്. പലയിടങ്ങളില്‍ ഐഎസ് സ്ഫോടനം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിരോധം ശക്തമായതോടെ ഇറാഖ് സൈന്യത്തിന്റെ റാപിഡ് റെസ്‍പോണ്‍സ് ടീം തങ്ങളുടെ മുന്നേറ്റം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സൈനിക കമ്മാന്‍ഡര്‍ അറിയിച്ചു. അല്‍ശുഹദ ജില്ലക്ക് 500 മീറ്റര്‍ മാത്രം അകലെ നില്‍ക്കുന്ന് സൈന്യത്തിന്‍്റെ ഇനിയുള്ള നീക്കങ്ങള്‍ കരുതലോടെയായിരിക്കും.
ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 75 ലധികം ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖ് സൈനികര്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. ഐഎസിന്റെ പിടിയിലായ 50,000ത്തിലധികം വരുന്ന സാധാരണ ജനങ്ങളുടെ സുരക്ഷയില്‍ സൈന്യത്തിന് ആശങ്കയുണ്ട്. പ്രദേശവാസികളെ മനുഷ്യകവചമായി ഐഎസ് ഉപയോഗിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭയും മുന്നറിയിപ്പ് നല്‍കി. ആവശ്യത്തിന് മരുന്നോ ഭക്ഷണമോ പ്രദേശവാസികള്‍ക്ക് ലഭിക്കുന്നില്ല. ഐഎസിന്റെ ഭാഗമാകാന്‍ വിസമ്മതിക്കുന്നത് കൊണ്ടും നിരവധി പേര്‍ ഫലൂജയില്‍ കൊല്ലപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങളോട് നഗരം വിട്ട് പോകാന്‍ ഇറാഖ് സൈന്യം ആവശ്യപ്പെട്ടു. എന്നാല്‍ നഗരം വിട്ട് പോകാന്‍ ഐഎസ് തീവ്രവാദികള്‍ ജനങ്ങളെ അനുവദിക്കുന്നില്ല. കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് മുന്‍പ് പ്രദേശവാസികളെ മാറ്റി പാര്‍പ്പിക്കാനുള്ള അവസരം ഒരുക്കണമെന്ന് സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടു. മൂവായിരത്തിലധികം പേര്‍ കഴിഞ്ഞ ആഴ്ച മാത്രം ഫലൂജയില്‍ നിന്ന് പലായനം ചെയ്തുവെന്നാണ് കണക്ക്.