ദില്‍മയ്ക്കെതിരായ ഇംപീച്ച് നടപടിക്ക് സെനറ്റിന്റെ അംഗീകാരം
|180 ദിവസത്തേക്ക് റൂസഫിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും സസ്പെന്റ് ചെയ്തു.
ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെതിരെയുള്ള ഇംപീച്ച് നടപടിക്ക് സെനറ്റിന്റെ അംഗീകാരം. 81 സെനറ്റ് അംഗങ്ങളില്‍ 51 അംഗങ്ങളുടെ പിന്തുണയോടെ പ്രമേയം അംഗീകരിക്കുകയായിരുന്നു. 180 ദിവസത്തേക്ക് റൂസഫിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും സസ്പെന്റ് ചെയ്തു. വൈസ് പ്രസിഡന്റ് മൈക്കിള്‍ ടെമര്‍ താല്‍കാലിക പ്രസിഡന്റായി ചുമതലയേറ്റു.
രാജ്യത്തെ ബജറ്റ് നിയമങ്ങള്‍ ലംഘിച്ച് പണം ചെലവിട്ടെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്നാണ് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെതിരെ ഇംപീച്ച്മെന്റിനുള്ള പ്രമേയം സെനറ്റില്‍ വെച്ചത്. 81 അംഗങ്ങളുള്ള സെനറ്റിലെ 55 അംഗങ്ങളും ഇംപീച്ച്മെന്റ് വേണമെന്ന് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 22 പേര്‍ റൂസഫിന് അനുകൂലമായും വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ മാസം പാര്‍ലമെന്റ് അധോസഭയും ഇംപീച്ച്മെന്റ് ആവശ്യപ്പെട്ടിരുന്നു. ഇംപീച്ച്മെന്റ് നടപടികള്‍ വോട്ടിനിട്ടത് ഉള്‍പ്പെടെയുള്ള ഉപരിസഭയുടെ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദില്‍മ റൂസഫ് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി വിധി എതിരായിരുന്നു.
പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള അധോസഭയുടെ ശുപാര്‍ശ റദ്ദാക്കിയ നടപടി സ്പീക്കര്‍ പിന്‍വലിച്ചത് ദില്‍മയെ കൂടുതല്‍ വെട്ടിലാക്കി. സെനറ്റും എതിരായതോടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദില്‍മയെ മാറ്റിനിര്‍ത്താന്‍ തീരുമാനമായി. ആറ് മാസത്തേക്കാണ് സസ്പെന്‍ഷന്‍. വൈസ് പ്രസിഡന്റ് മൈക്കിള്‍ ടെമര്‍ ആക്ടിങ് പ്രസിഡന്റായി അധികാരമേറ്റു.