ഫലൂജയില്‍ നിന്ന് പലായനം ചെയ്യുന്നവരെയും ഐഎസ് തീവ്രവാദികള്‍ കൊല്ലുന്നു
|ഇറാഖിലെ ഫലൂജയില്‍ നിന്ന് ഏറ്റുമുട്ടല്‍ ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സാധാരണക്കാരെ ഐഎസ് തീവ്രവാദികള്‍ വെടിവെച്ചുകൊല്ലുന്നതായി റിപ്പോര്‍ട്ട്.
ഇറാഖിലെ ഫലൂജയില്‍ നിന്ന് ഏറ്റുമുട്ടല്‍ ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സാധാരണക്കാരെ ഐഎസ് തീവ്രവാദികള്‍ വെടിവെച്ചുകൊല്ലുന്നതായി റിപ്പോര്‍ട്ട്. യുദ്ധഭൂമിയില്‍നിന്ന് രക്ഷപ്പെട്ട സാധാരണക്കാരില്‍ നിന്നാണ് ഇതേക്കുറിച്ച് വിവരം ലഭിച്ചതെന്ന് നോര്‍വീജിയന്‍ റെഫ്യൂജ് കൗണ്‍സില്‍ ഡയറക്ടര്‍ നസ്ര് മുഫ്ലഹി പറഞ്ഞു.
ഐഎസും സൈന്യവും തമ്മിലുള്ള രൂക്ഷപോരാട്ടത്തില് കുടുങ്ങിയ സാധാരണക്കാരെ പാര്‍പ്പിക്കാന്‍ ഇറാഖ് ഭരണകൂടവും ഐക്യരാഷ്ട്രസഭയും നഗരത്തിനു പുറത്ത് പ്രത്യേക ക്യാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നഗരം കൈവിട്ടുപോകുന്നത് തടയാന്‍ ഐഎസ് തീവ്രവാദികള്‍ സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണ്. ഇവരെ മോചിപ്പിച്ചാലേ സാധാരണക്കാര്‍ കൊല്ലപ്പെടാതെ സൈന്യത്തിന് ഐ എസിനെതിരായ നീക്കം ശക്തമാക്കാനാകൂ. ഏതുവിധേനയും നഗരത്തില്‍നിന്ന് രക്ഷപ്പെടാനാണ് ജനങ്ങളുടെ ശ്രമം. കഴിഞ്ഞ ദിവസം ഫലൂജയില്നിന്നും രക്ഷപ്പെട്ട് ഓടിയവര്‍ സഞ്ചരിച്ച ബോട്ടുകള്‍ യൂഫ്രട്ടീസ് നദിയില്‍ മുങ്ങിയിരുന്നു. കുട്ടികളടക്കം നിരവധി പേര് അപകടത്തില്‍ പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐഎസ് തീവ്രവാദികളില്‍നിന്ന് രക്ഷപ്പെട്ട് പുറത്തുകടന്നാലും രക്ഷയില്ലാത്ത സ്ഥിതിയാണ്.
ഫലൂജയില്നിന്നുള്ള ചിലരെ ഇറാന്റെ പിന്തുണയുള്ള ഷിയാ മിലീഷ്യ പിടികൂടി മര്‍ദിക്കുന്ന വീഡിയോ ദൃശ്യം അടുത്തിടെ പുറത്തുവന്നിരുന്നു. ഇറാഖ് സേനയും ശിയാ പോരാളികളും നിരവധി പേരെ അറസ്റ്റ്ചെയ്തിട്ടുണ്ട്. തീവ്രവാദികളാണോ എന്ന് പരിശോധിക്കാനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ഇറാഖ് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി വക്താവ് കരോലിന് ഗ്ലക്ക് പറഞ്ഞു. സാധാരണക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമമാകട്ടെ വേണ്ടവിധം ഫലപ്രദവുമല്ല.