മദുറോയുടെ രാജി ആവശ്യപ്പെട്ട് വെനസ്വേലയില്‍ പ്രക്ഷോഭം ശക്തം
|തലസ്ഥാനമായ കരാകസില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥി മരിച്ചു.
വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മദുറോക്ക് നേരെയുള്ള പ്രതിഷേധം ശക്തമാകുന്നു. തലസ്ഥാനമായ കരാകസില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥി മരിച്ചു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചും സാമ്പത്തിക നയങ്ങള്‍ക്കെതിരെയുമാണ് പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്. കഴിഞ്ഞ ദിവസം തലസ്ഥാനമായ കരാകസില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തിനും കാരണമായി. പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി നടത്തിയ വെടിവെപ്പിലാണ് ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടത്.
അതേസമയം സര്‍ക്കാര്‍ അനുകൂലികളും വിവിധ ഇടങ്ങളിലായി പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. അക്രമം നടത്തിയവരെ പൊലീസ് പിടികൂടിയിട്ടുണ്ടെന്ന് ഒരു റാലിയെ അഭിസംബോധന ചെയ്ത് മദുറോ പ്രതികരിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത ആളല്ല മരിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വിദ്യാര്‍ഥിയുടെ തലക്കാണ് വെടിയേറ്റതെന്നും ബന്ധുക്കള്‍ ആരോപിച്ചു. സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത അഞ്ച് പേര് ഇതുവരെയായി വെനസ്വേലയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നേരത്തെ നോട്ട് നിരോധമുള്പ്പെടെയുള്ല വിഷയങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് വെനസ്വേലയില്‍ നടന്നത്.