റമദാന്‍ ആഘോഷങ്ങളുടെ നിറവില്‍ ടാന്‍സാനിയ
|മലയാളികളും സ്വദേശികള്‍ക്കൊപ്പം റമദാന്‍ ആഘോഷങ്ങളില്‍ പങ്കാളികളാകുന്നു
മുസ്‌ലിങ്ങള്‍ ഏറെയുള്ള ടാന്‍സാനിയയില്‍ റമദാനെ വരവേല്‍ക്കുന്നതും ഏറെ ആഘോഷമായാണ്. ഇഫ്താര്‍ സംഘടിപ്പിച്ചും പ്രാര്‍ഥനകളില്‍ പങ്കെടുത്തും തൊഴിലിനായി രാജ്യത്ത് തങ്ങുന്ന മലയാളികളും സ്വദേശികള്‍ക്കൊപ്പം റമദാന്‍ ആഘോഷങ്ങളില്‍ പങ്കാളികളാകുന്നു.
റമദാന്‍ വ്രതാരംഭത്തിന് മുന്‍പേ തന്നെ ദാറുസ്സലമിലെ നഗരവീഥികള്‍ കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞിരുന്നു. പഴങ്ങളുടെയും നോമ്പുതുറ വിഭവങ്ങളുടെയും കച്ചവടമാണ് തകൃതിയായി നടക്കുന്നത്. ദഫ് കൊട്ടിയാണ് സ്വദേശികള്‍ ഇട അത്താഴത്തിന്റെ സമയം അറിയിക്കുന്നത്.
നോമ്പുകാലത്ത് ടാന്‍സാനിയയിലെ പള്ളികളിലെല്ലാം അഭൂതപൂര്‍വമായ തിരക്കാണ്. സ്വദേശികള്‍ക്കൊപ്പം മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരും പള്ളികളിലെത്തും. മലയാളികളുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമവും നടക്കാറുണ്ട്. റമദാന്‍ അതിന്റെ അവസാന നാളുകളിലേക്ക് കടക്കുമ്പോള്‍ പെരുന്നാള്‍ ആഘോഷത്തിന് തയ്യാറെടുക്കുകയാണ് ദാറുസ്സലാം.