ഡേവിഡ് കാമറണ്‍ രാഷ്ട്രീയം വിട്ടു
|ഇതിന്റെ ഭാഗമായി അദ്ദേഹം എംപി സ്ഥാനം രാജിവെച്ചു. ബ്രക്സിറ്റിനെ തുടര്‍ന്നായിരുന്നു കാമറണ്‍ പ്രധാനമന്ത്രി പദം രാജിവെച്ചത്.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാഷ്ട്രീയം വിട്ടു. ഇതിന്റെ ഭാഗമായി അദ്ദേഹം എംപി സ്ഥാനം രാജിവെച്ചു. ബ്രക്സിറ്റിനെ തുടര്‍ന്നായിരുന്നു കാമറണ്‍ പ്രധാനമന്ത്രി പദം രാജിവെച്ചത്.
തന്റെ പ്രവർത്തനങ്ങൾ പുതിയ സർക്കാരിന് അസ്വസ്ഥത ഉണ്ടാക്കാതിരിക്കാനാണ് എംപി സ്ഥാനം രാജിവയ്ക്കുന്നതെന്ന് കാമറണ്‍ അറിയിച്ചു. എംപിയെന്ന നിലയില്‍ തന്റെ ചെറിയ പ്രവർത്തനങ്ങൾപോലും പുതിയ പ്രധാനമന്ത്രി തെരേസ മെയുടെ പ്രവർത്തനങ്ങൾക്ക് തടസമാകാം. ഇത് ഒഴിവാക്കുകയാണ് രാജിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കാമറണ്‍ പറഞ്ഞു. പുതിയ സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളോട് യോജിക്കാനാകാത്തതുകൊണ്ടാണ് കാമറണ്‍ രാജിവെക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ വിദ്യാഭ്യാസ പരിഷ്കരണങ്ങളില്‍ നിരവധി നല്ല കാര്യങ്ങളുണ്ടെന്ന് കാമറണ്‍ പറഞ്ഞു.
കാമറണിന്റെ രാജി അദ്ദേഹത്തിന്റെ മണ്ഡലമായ ഓക്സ്ഫോർഡ് ഷെയറിലെ വിറ്റ്നിയിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുക്കും. 2001 മുതല്‍ വിറ്റ്നിയെ പ്രതിനിധീകരിക്കുന്ന കാമറണ്‍ 2005ലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തലപ്പെത്തെത്തുന്നത്. 2010ല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ തുടര്‍ച്ചയായ രണ്ടാം തവണയും പ്രധാനമന്ത്രി പദത്തിലെത്തി. 2016 ജൂലൈയില്‍ യൂറോപ്യന്‍ യൂണിയന് വിടാന്‍ ബ്രിട്ടനിലെ ജനങ്ങള്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു കാമറണ്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചത്.