സിറിയയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 180 സിവിലിയന്മാര്
|നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഒരു പ്രാദേശിക സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 180 സിവിലിയന്മാരെന്ന് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഒരു പ്രാദേശിക സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. അലപ്പോയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വെള്ളിയാഴ്ച രാജ്യത്ത് കൊല്ലപ്പെട്ടത് 90 പേരാണ്. 83 പേര് ശനിയാഴ്ചയും കൊല്ലപ്പെട്ടു. ഇതില്‍ 22 പേര് കുട്ടികളാണ്. സ്ത്രീകളുടെ എണ്ണം 23 ആണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് അലപ്പോ പ്രവിശ്യയിലാണെന്നും ഒരു പ്രാദശിക ഗ്രൂപ്പ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റവരുടെ എണ്ണത്തെ കുറിച്ച വ്യക്തമായ കണക്ക് പുറത്തുവിട്ടിട്ടില്ല. ഇത് ആയിരത്തലിധികം വരുമെന്നാണ് സൂചന. ഇതിനിടെ ബ്രിട്ടണ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ കമ്മീഷന് അലപ്പോയില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു. 327 പേര്‍ക്ക് ജീവന് നഷ്ടമായതായി ഇതില്‍ പറയുന്നു. 76 കുട്ടികളും 41 സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. 327 പേര് സര്‍ക്കാര്‍ സേനയുടെ ആക്രമണത്തിലും 126 പേര് വിമതരുടെ ആക്രമണത്തിലും കൊല്ലപ്പെട്ടതായാണ് വിവരം. സര്‍ക്കാര്‍ സേനയ്ക്കും വിമതര്‍ക്കുമിടയില്‍ അലപ്പോ, ദമാസ്കസ്, ഇദ്ലിബ് തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ ആക്രമണമാണ് നടക്കുന്നത്.