സാര്‍ക് സമ്മേളനം ഉപേക്ഷിച്ചിട്ടില്ല, മാറ്റിവെച്ചതാണെന്ന് പാകിസ്താന്‍
|പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്നും പാകിസ്താന്‍
ഇസ്ലാമാബാദില്‍ നടക്കാനിരുന്ന സാര്‍ക് സമ്മേളനം മാറ്റിവെച്ചതായി പാകിസ്താന്‍ അറിയിച്ചു. കൂടുതല്‍ രാജ്യങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്നും പാകിസ്താന്‍ വ്യക്തമാക്കി.
8 അംഗ രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ സാര്‍ക്കില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സാര്‍ക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി ഇന്ന് ശ്രീലങ്കയും അറിയിച്ചതോടെയാണ് സമ്മേളനം നീട്ടിവെക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്. മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യത്തില്‍ പാകിസ്താന്‍ വിശ്വസിക്കുന്നതായും സാര്‍ക് രാജ്യങ്ങളുടെ ഇടയിലെ ഐക്യം ഇല്ലാതാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതായും പാകിസ്താന്‍ ആരോപിച്ചു. സാര്‍ക് സമ്മേളനം മാറ്റിവെച്ചുവെങ്കിലും സമ്മേളനം ഇസ്ലാമാബാദില്‍ തന്നെ നടത്തുമെന്ന് പാകിസ്താന്‍ വ്യക്തമാക്കി. സാര്‍ക്കിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്ന നേപ്പാളുമായി കൂടിയാലോചിച്ചായിരിക്കും പുതിയ തിയതി പ്രഖ്യാപിക്കുക.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സാര്‍ക് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പിന്നാലെ ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും സാര്‍കില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. സാര്‍ക് സമ്മേളനം നീട്ടിവെക്കാന്‍ തീരുമാനിച്ചതോടെ മേഖലയില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ശ്രമം വിജയിച്ചതായാണ് ഇന്ത്യയുടെ വാദം.