മകളുടെ ഘാതകരെ സോഷ്യല്‍ മീഡിയയില്‍ അക്കൌണ്ട് ഉണ്ടാക്കി കണ്ടെത്തിയ ഒരമ്മ
|സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൌണ്ട് ഉണ്ടാക്കി അമ്മ മകളുടെ ഘാതകരെ കണ്ടെത്തി. കാലിഫോര്‍ണിയയിലാണ് സംഭവം.
സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൌണ്ട് ഉണ്ടാക്കി അമ്മ മകളുടെ ഘാതകരെ കണ്ടെത്തി. കാലിഫോര്‍ണിയയിലാണ് സംഭവം. പത്തു വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് മകളുടെ ഘാതകരെ അമ്മ പിടികൂടിയത്.
കാലിഫോര്‍ണിയ സ്വദേശിനി ബലിന്ദാ ലാനെയാണ് കൊലയാളികളെ പിടികൂടാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചത്. 2006 ല്‍ കൊല്ലപ്പെട്ട മകള്‍ ക്രിസ്റ്റല്‍ തിയോബോള്‍ഡിന്റെ 12 കൊലയാളികളെയും ബലിന്ദ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മകള്‍ കൊല്ലപ്പെട്ട ശേഷം ബലിന്ദ ലാനെ ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ മാധ്യമങ്ങളില്‍ വ്യാജ അക്കൌണ്ട് ഉണ്ടാക്കുകയും കൊലയാളികള്‍ എന്ന് സംശയിക്കുന്നവരെ സുഹൃത്തുക്കളാക്കുകയും ചെയ്തു. കുറ്റവാളികളില്‍ നിന്നു തന്നെ തെളിവുകള്‍ ശേഖരിക്കാനായി ഇവര്‍ രാപകല്‍ ചാറ്റിങ്ങില്‍ ഏര്‍പ്പെട്ടു. വില്യം ജോക്‌സ് സോറ്റെലോ എന്ന പ്രതിയെ കണ്ടെത്താനാണ് ഏറെ പരിശ്രമിക്കേണ്ടി വന്നത്. ഇയാള്‍ ഓടിച്ചിരുന്ന കാറില്‍ നിന്നാണ് തിയോബോള്‍ഡിന് വെടിയേറ്റത്. മുഖ്യപ്രതികളിലൊരാളായ ജൂലിയോ ഹെറെഡിയയെ 2011ല്‍ തന്നെ പിടികൂടിയിരുന്നു. ജീവപര്യന്തം ശിക്ഷയാണ് ഇയാള്‍ക്ക് ലഭിച്ചത്. ക്രൈംത്രില്ലര്‍ സിനിമകളെ വെല്ലുന്നതാണ് ഇതെന്ന് കാലിഫോര്‍ണിയയിലെ മാധ്യമങ്ങള്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.