എണ്ണവില കുറഞ്ഞു; ഐഎസ് ഭീകരര്‍ മീന്‍കച്ചവടം തുടങ്ങി
|എണ്ണവില താഴ്ന്നതും ശക്തികേന്ദ്രങ്ങള്‍ കൈവിട്ടുപോകുന്നതും സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയതോടെയാണ് ഐഎസ് മീന്‍കച്ചവടത്തിലേക്ക്
ആഗോള തീവ്രവാദികളില്‍ ക്രൂരതയുടെ പര്യായമെന്ന വിശേഷണം പേറുന്ന ഇസ്ലാമിക് സ്റ്റേറ്റ്, മീന്‍ കച്ചവടം തുടങ്ങിയതായി റിപ്പോര്‍ട്ട്. എണ്ണവില താഴ്ന്നതും ശക്തികേന്ദ്രങ്ങള്‍ കൈവിട്ടുപോകുന്നതും സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയതോടെയാണ് ഐഎസ് മീന്‍കച്ചവടത്തിലേക്ക് തിരിഞ്ഞത്. ഇതിനു പുറമെ വാഹന മൊത്ത കച്ചവടവും ഐഎസ് നടത്തുന്നുണ്ട്. ഇതുവഴി പ്രതിമാസം ലക്ഷക്കണക്കിനു ഡോളറാണ് നേടുന്നതെന്ന് ഇറാഖ് ജുഡീഷ്യല്‍ അധികൃതര്‍ വെളിപ്പെടുത്തി.
ഇറാഖിലും സിറിയയിലും വന്‍ തിരിച്ചടികള്‍ നേരിടുന്നതിനെ തുടര്‍ന്നാണ് ഐഎസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ തുടങ്ങിയത്. ഇവിടങ്ങളിലെ എണ്ണ സ്രോതസുകളില്‍ നിന്നായിരുന്നു ഐഎസിന്റെ പ്രധാന വരുമാനം. മുമ്പ് ഇറാഖ്, സിറിയ മേഖലകളിലെ എണ്ണ, വാതക വില്‍പ്പനയിലൂടെ ഐഎസ് 2.9 ബില്ല്യന്‍ ഡോളറിലധികം സമ്പാദിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഐഎസിനെതിരെ റഷ്യയും അമേരിക്കയും വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയതോടെ അവര്‍ക്ക് അടിതെറ്റി. സാമ്പത്തിക ഭദ്രത തകര്‍ന്നതോടെ വരുമാന മാര്‍ഗത്തിന്റെ ഗതി മാറ്റാന്‍ ഐഎസ് നിര്‍ബന്ധിതരായതിനെ തുടര്‍ന്നാണ് മീന്‍, കാര്‍ കച്ചവടത്തിലേക്ക് ശ്രദ്ധ തിരിച്ചത്. മുമ്പ് ഇറാഖ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന കാര്‍ ഫാക്ടറി, ഡീലര്‍ഷിപ്പുകള്‍ പിടിച്ചെടുത്താണ് ഐഎസ് കച്ചവടം പൊടിപൊടിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.