അലപ്പോയില്‍ വിമതരുടെ മുന്നേറ്റം
|വിവിധ മേഖലകള്‍ വിമതര്‍ തിരിച്ചുപിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്
സിറിയയിലെ അലപ്പോയില്‍ വിമതരുടെ മുന്നേറ്റം. അലപ്പോയുടെ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ തീര്‍ത്ത ഉപരോധം തകര്‍ത്തതായി വിമത സഖ്യമായ ജയ്ശ് അല്‍ ഫതഹ് അറിയിച്ചു. വിവിധ മേഖലകള്‍ വിമതര്‍ തിരിച്ചുപിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിമതരുടെ വാദം സൈന്യം തള്ളി.
ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ അലപ്പോ കേന്ദ്രീകരിച്ച് ഒരുമാസമായി ശക്തമായ പോരാട്ടം തുടരുകയാണ്. വിമതരുമായുള്ള പോരാട്ടം ശക്തമാക്കിയ സൈന്യം വിവിധ മേഖലകള്‍ പിടിച്ചെടുത്തിരുന്നു. ഇന്നലെ നടത്തിയ ഏറ്റുമുട്ടലുകളിലൂടെനിര്‍ണായക മേഖലകളില്‍ സൈന്യത്തിന്റെ ഉപരോധം തകര്‍ത്തതായി വിമത സഖ്യം അറിയിച്ചു. വിവിധ മേഖലകള്‍ വിമതര്‍ തിരിച്ചുപിടിച്ചതായും വിമത സഖ്യമായ ജയ്ശ് അല്‍ ഫതഹിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.
ജയ്ശ് അല്‍ ഫതഹിലെ ഗ്രൂപ്പുകളായ ജബത് ഫതഹ് അല്‍ഷാം, അഹ്റാര്‍ അല്‍ ഷാം എന്നിവയാണ് സര്‍ക്കാരിനെതിരായ നീക്കത്തിന് നേതൃത്വം നല്‍കിയത് . വിമതര്‍ക്ക് സൈന്യം പിടിച്ചെടുത്ത മേഖലകളിലെ വിവിധ ഗ്രൂപ്പുകളില്‍ നിന്ന് സഹായം ലഭിച്ചതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് വ്യക്തമാക്കി. എന്നാല്‍ വിമതരുടെ അവകാശവാദം തള്ളി സൈന്യം രംഗത്ത് വന്നു. ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി വിമതര്‍ കൊല്ലപ്പെട്ടുവെന്നും ടാങ്കറുകള്‍ നശിപ്പിച്ചുവെന്നും സൈന്യം അറിയിച്ചു. 2011ലാണ് സിറിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. ഇതുവരെ ഏകദേശം 3,00,000ത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. അതിലേറെ പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തു.