ഇസ്ലാം വിദ്വേഷം: പെഗിഡ സ്ഥാപകനെതിരെ ജര്‍മനിയില്‍ വിചാരണ തുടങ്ങി
|ഇസ്ലാം വിദ്വേഷം പ്രചരിപ്പിക്കുന്ന പെഗിഡയുടെ സ്ഥാപകനെതിരെയുള്ള വിചാരണ ജര്‍മ്മന്‍ കോടതിയില്‍ തുടങ്ങി.
ഇസ്ലാം വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനയായ പെഗിഡയുടെ സ്ഥാപകനെതിരെയുള്ള വിചാരണ ജര്‍മ്മന്‍ കോടതിയില്‍ തുടങ്ങി. സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക് പോസ്റ്റിട്ട കേസിലാണ് പെഗിഡ സ്ഥാപകനായ ലുട്ട്സ് ബച്ച്മാനെതിരെ കേസെടുത്തത്. ജര്‍മ്മനിയിലെത്തിയ അഭയാര്‍ഥികളെ കന്നുകാലികളോടുപമിച്ചായിരുന്നു ബാച്ച്മാന്റെ എഫ്ബി പോസ്റ്റ്.
ജര്‍മ്മന്‍ മാധ്യമങ്ങളെ പരിഹസിക്കാനെന്നവണ്ണം കറുത്ത കണ്ണട ധരിച്ചാണ് പെഗിഡയുടെ സ്ഥാപകരിലൊരാളായ ബാച്ച്മാന്‍ കോടതിയിലെത്തിയത്. സമൂഹത്തില്‍ വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെയാണ് 43കാരനായ ബാച്ച്മാനെതിരെ കേസെടുത്തത്. ജര്‍മ്മനിയിലെത്തിയ അഭയാര്‍ഥികളെ കന്നുകാലികളെന്നും നികൃഷ്ടരെന്നും അഭയാര്‍ഥികള്‍ മാലിന്യമാണെന്നും വിശേഷിപ്പിച്ച് ഇദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതാണ് കേസെടുക്കാന്‍ കാരണം. താനൊരു വംശീയ വിരോധിയല്ലെന്നാണ് ബാച്ച്മാന്‍ സ്വയം വിശേഷിപ്പിക്കുന്നത്.
പെഗിഡ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പാട്രിയോടിക് യൂറോപ്യന്‍സ് എഗെയ്ന്‍സ്റ്റ് ദി ഇസ്ലാമൈസേഷന് ഓഫ് ദി വെസ്റ്റ് എന്ന സംഘടനക്ക് ഇദ്ദേഹം കഴിഞ്ഞവര്‍ഷമാണ് രൂപം നല്‍കിയത്. ജര്‍മ്മനിക്കകത്തും പുറത്തുമായി നിരവധി അഭയാര്‍ഥി വിരുദ്ധ റാലികളാണ് ഈ സംഘടന പിന്നീട് നടത്തിയത്. ഹിറ്റ്ലറോടുപമിച്ച് ബാച്ച്മാനെതിരെ പ്രചാരണം വ്യാപകമായതോടെ അദ്ദേഹം പെഗിഡയുടെ മേധാവി സ്ഥാനം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. നിരവധി അണികളുടെ അകമ്പടിയോടെയാണ് ബാച്ച്മാന്‍ കോടതിയിലെത്തിയത്. ജര്‍മ്മനി യൂറോ ഉപേക്ഷിക്കണമെന്നും യൂറോപ്യന്‍ യൂണിയന് വിടണമെന്നുമാവശ്യപ്പെടുന്ന പ്ലക്കാഡുകളും ഇദ്ദേഹത്തിന്റെ അനുയായികള്‍ കോടതിവളപ്പിലുയര്‍ത്തി. അഞ്ച്മാസം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബാച്ച്മാന്റേതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഇസ്ലാമിക വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനയായ പെഗിഡ നടത്തുന്ന റാലികളില്‍ തുടക്കത്തില്‍ പതിനായിരക്കണക്കിന് പേരാണ് പങ്കെടുത്തിരുന്നത്. എന്നാല്‍ ഈ ജനപിന്തുണ സംഘടനക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡ്രസ്ഡനില്‍ നടന്ന പെഗിഡ റാലിയില്‍ പങ്കെടുത്തത് മൂവായിരത്തില്‍ താഴെപേര് മാത്രമായിരുന്നു.