സെല്‍ഫികള്‍ വ്യക്തികളെ സന്തോഷഭരിതരാക്കുന്നതായി പഠനം
|സൈക്കോളജി ഓഫ് വെല്‍-ബീയിംഗ് പബ്ലിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്
സെല്‍ഫികള്‍ മൂലമുള്ള മരണങ്ങളും അപകടങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും അതൊന്നും വക വയ്ക്കാതെ മാരകമായ സെല്‍ഫികള്‍ എടുക്കുന്നവര്ക്കൊരു സന്തോഷ വാര്‍ത്ത. സെല്‍ഫികള്‍ ആളുകളെ കൂടുതല്‍ സന്തോഷഭരിതരാക്കുന്നതായി പഠനം. സെല്‍ഫി എടുക്കുന്നത് ഒരാളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. സൈക്കോളജി ഓഫ് വെല്‍-ബീയിംഗ് പബ്ലിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഇര്‍വൈനിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഒരു കൂട്ടം മനശാസ്ത്രജ്ഞരാണ് സെല്ഫികളെക്കുറിച്ച് പഠനം നടത്തിയത്. സാങ്കേതിക വിദ്യ സര്‍വ്വകലാശാല വിദ്യാര്‍ഥികളുടെ സന്തോഷം വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ചും ഫോട്ടോകളെടുക്കുന്നത് അവരുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നു. മിക്ക കോളേജ് വിദ്യാര്‍ഥികളുടെയും കയ്യില്‍ മൊബൈല്‍ ഫോണുണ്ട്, അത് അവര്‍ തങ്ങളുടെ ടെന്‍ഷനകറ്റാന്‍ ഉപയോഗിക്കണമെന്ന് സര്‍വ്വകലാശാല ഇന്‍ഫോര്‍മാറ്റിക്സ് വിഭാഗം മേധാവി യു ഷെന്‍ പറഞ്ഞു.
28 സ്ത്രീകള്‍ 13 പുരുഷന്മാര് ഉള്‍പ്പെടെ 41 പേരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. പൊതുചോദ്യാവലി, അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. എല്ലാ ദിവസം സെല്ഫികളെടുക്കുന്നവര്, സന്തോഷത്തിനായി ഫോട്ടോ എടുക്കുന്നവര്‍, മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി ഫോട്ടോ എടുക്കുന്നവര്‍ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം. നാല് ആഴ്ച നീണ്ടു നിന്ന പഠനത്തില്‍ ഈ ഗ്രൂപ്പിലുള്ളവരെ നിരീക്ഷിച്ചു. മൂന്ന് സംഘങ്ങളിലുള്ളവരുടെയും സന്തോഷം വര്‍ദ്ധിച്ചതായി കണ്ടെത്തി. സെല്‍ഫി ഗ്രൂപ്പിലുള്ളവരുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായും പഠനത്തില്‍ തെളിഞ്ഞു. ഓരോ ദിവസം ഫോട്ടോ മികച്ചതാകുമ്പോഴും അതവരുടെ ആത്മവിശ്വാസത്തെ സ്വാധീനിക്കുന്നു. സാങ്കേതിക വിദ്യയെ എങ്ങിനെ നന്നായി ഉപയോഗിക്കാമെന്നാണ് പഠനം തെളിയിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം വഹിച്ച പ്രൊഫ.ഗ്ലോറിയ മാര്‍ക്ക് പറഞ്ഞു.