International Old
ലാദനെ വധിച്ചതെങ്ങനെ? യുഎസ് മുന്‍സൈനികന്‍റെ വെളിപ്പെടുത്തല്‍ലാദനെ വധിച്ചതെങ്ങനെ? യുഎസ് മുന്‍സൈനികന്‍റെ വെളിപ്പെടുത്തല്‍
International Old

ലാദനെ വധിച്ചതെങ്ങനെ? യുഎസ് മുന്‍സൈനികന്‍റെ വെളിപ്പെടുത്തല്‍

Sithara
|
9 May 2018 2:02 AM GMT

ദ ഓപ്പറേറ്റര്‍ എന്ന പുസ്തകത്തിലാണ് റോബര്‍ട്ട് ഒ നീല്‍ ലാദനെ വധിച്ചതെങ്ങനെയെന്ന് വിശദമാക്കിയത്.

ഒസാമ ബിന്‍ ലാദനെ വധിച്ചത് താനാണെന്ന് അവകാശപ്പെട്ട യുഎസ് മുന്‍സൈനികന്‍ റോബര്‍ട്ട് ഒ നീല്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്ത്. ദ ഓപ്പറേറ്റര്‍ എന്ന പുതിയ പുസ്തകത്തിലാണ് റോബര്‍ട്ട് ഒ നീല്‍ ലാദനെ വധിച്ചതെങ്ങനെയെന്ന് വിശദമാക്കിയത്.

അമേരിക്കയിലെ കമാന്‍ഡോ വിഭാഗമായ സീല്‍ ടീമംഗങ്ങളാണ് ബിന്‍ ലാദന്‍റെ അബോട്ടാബാദിലെ വസതിയില്‍ കടന്നത്. മൂന്ന് നില വീടിന്‍റെ മുകളിലത്തെ നിലയില്‍ വെച്ച് ലാദന്‍റെ മകന്‍ ഖാലിദിനെ കണ്ടു. തങ്ങള്‍ സൈനികരാണെന്ന് ഖാലിദിന് പെട്ടെന്ന് മനസ്സിലായില്ല. ഇവിടെ വരൂ എന്ന് സൈനികരില്‍ ഒരാള്‍ അറബിയില്‍ പതുക്കെ പറഞ്ഞു. കയ്യില്‍ തോക്കേന്തിയ ഖാലിദ് നടന്നടുത്തപ്പോള്‍ ഉടന്‍ വെടിയുതിര്‍ത്തു.

വൈകാതെ ലാദന്‍റെ മുറിയില്‍ കടന്നു. ലാദന് താന്‍ കരുതിയതിനേക്കാള്‍ ഉയരമുണ്ടായിരുന്നു. പക്ഷേ കരുതിയതിനേക്കാള്‍ മെലിഞ്ഞിട്ടായിരുന്നു. ലാദന് മുന്‍പിലായി ഒരു സ്ത്രീയുണ്ടായിരുന്നു. ഒരു നിമിഷം പോലും വൈകാതെ ആ സ്ത്രീയുടെ വലത്തെ തോളിന് സമീപത്തുകൂടി ലാദന് നേരെ രണ്ട് തവണ കാഞ്ചിവലിച്ചു. ലാദന്‍റെ തല പിളര്‍ന്നു. മരണം ഉറപ്പാക്കാന്‍ ഒരിക്കല്‍ കൂടി തലയ്ക്ക് നേരെ വെടിവെച്ചെന്നും റോബര്‍ട്ട് ഒ നീല്‍ അവകാശപ്പെട്ടു.

സംഭവത്തിന് ശേഷം ചുറ്റും നടക്കുന്നതെന്താണെന്നുപോലും വ്യക്തമാകാത്തവിധം തന്‍റെ ഉള്ളില്‍ ശൂന്യതയായിരുന്നു. ഒരു സഹപ്രവര്‍ത്തകന്‍ വന്ന് താങ്കള്‍ ഒസാമ ബിന്‍ ലാദനെ വധിച്ചെന്ന് പറഞ്ഞപ്പോഴാണ് മനോനില വീണ്ടെടുത്തത്. ലാദന്‍റെ തല പിളര്‍ന്നുപോയതിനാല്‍ ഫോട്ടോയെടുക്കാന്‍ പ്രയാസമായിരുന്നെന്നും റോബര്‍ട്ട് ഒ നീല്‍ പുസ്തകത്തില്‍ വ്യക്തമാക്കി.

Related Tags :
Similar Posts