സിറിയയില്‍ യുദ്ധനിയന്ത്രിത മേഖലകള്‍ സൃഷ്ടിക്കാന്‍ ധാരണ
|കസഖിസ്ഥാനില്‍ നടന്ന സമ്മേളനത്തില്‍ ഇത് സംബന്ധിച്ച കരാറില്‍ മൂന്ന് രാജ്യങ്ങളും ഒപ്പുവെച്ചു.
സിറിയയില്‍ യുദ്ധനിയന്ത്രിത മേഖലകള്‍ സൃഷ്ടിക്കാന്‍ റഷ്യയും തുര്‍ക്കിയും ഇറാനും തമ്മില്‍ ധാരണയായി. കസഖിസ്ഥാനില്‍ നടന്ന സമ്മേളനത്തില്‍ ഇത് സംബന്ധിച്ച കരാറില്‍ മൂന്ന് രാജ്യങ്ങളും ഒപ്പുവെച്ചു. എന്നാല്‍ കരാറില്‍ ഇറാന്റെ പങ്കാളിത്തത്തില്‍ സിറിയന്‍ വിമതര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു.
സിറിയയിലെ അക്രമങ്ങള്‍ കുറച്ച് മേഖലയില്‍ സമാധനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ ഏറ്റവും പുതിയ ചുവടുവെപ്പാണ് ഇത്. സുരക്ഷിത മേഖലകള്‍ സൃഷ്ടിക്കാനുള്ള റഷ്യന്‍ നിര്‍ദേശത്തെ ഇരുവരും പിന്തുണക്കുകയായിരുന്നു. വിമത നിയന്ത്രണ പ്രദേശങ്ങളായ ഇദ്‌ലിബ്, ഹോംസ് പ്രവിശ്യയുടെ തെക്ക്, മധ്യ മേഖലകള്‍, കിഴക്കന്‍ ഗോഷ്വ പ്രദേശങ്ങള്‍ എന്നിവിടെയാണ് സുരക്ഷിത മേഖലകള്‍ നിര്‍മിക്കുക. ഇവിടെ ചെക്പോയിന്റുകള്‍ സ്ഥാപിക്കും, സര്‍ക്കാര്‍ സൈന്യത്തെയും വിദേശ സൈന്യത്തേയും വിന്യസിക്കും. മേഖലയില്‍ കുടുങ്ങിപ്പോകുന്നവര്‍ക്കാവശ്യമായ സഹായമെത്തിക്കാനും അവരെ പുറത്തെത്തിക്കാനുമുള്ള സംവിധാനങ്ങളും ഒരുക്കും. സിറിയന്‍ സര്‍ക്കാര്‍ കരാറില്‍ പങ്കാളിയല്ലെങ്കിലും കരാറിനെ അംഗീകരിക്കുന്നതായി സിറിയന്‍ അറബ് ന്യൂസ് ഏജന്‍സിറിപ്പോര്‍ട്ട് ചെയ്യുന്നു.
സിറിയന്‍ കാര്യങ്ങള്‍ക്കായുളള യുഎന്‍ പ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തുര കരാറിനെ അഭിനന്ദിച്ചു. സിറിയന് വിമതരുടെ കനത്ത പ്രതിഷേധത്തിനിടെയാണ് കരാര്‍ ഒപ്പുവെച്ചത്. സിറിയന്‍ ജനതയെ കൂട്ടക്കൊല നടത്തുന്ന ഇറാന്റെ ഇടപെടല്‍ അംഗീകരിക്കില്ലെന്ന് വിമതരുടെ പ്രതിനിധി ഒസാമ അബു സെയ്ദ് പറഞ്ഞു. ഇറാനെ മധ്യസ്തനായി അംഗീകരിക്കില്ല. സുരക്ഷാമേഖലകള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് പ്രധാന പ്രദേശങ്ങളെ ഒഴിവാക്കിയതിലും ഒസാമ അബു സെയ്ദ് പ്രതിഷേധമറിയിച്ചു. വ്യോമാക്രമണങ്ങള്‍ തടയുന്നതിന് സിറിയയും റഷ്യയും പ്രതിബദ്ധത കാട്ടണമെന്നാവശ്യപ്പെട്ട വിമതര്‍ ആദ്യദിനം സമ്മേളനം ബഹിഷ്കരിച്ചിരുന്നു.
അടുത്ത ആറ് മാസം ഈ സുരക്ഷാ മേഖലയില്‍ യുദ്ധജെറ്റ് വിമാനങ്ങള്‍ പറത്തില്ലെന്ന് റഷ്യന്‍ പ്രതിനിധി അലക്സാന്റര്‍ ലാവ്റന്റ്യേവ് ഉറപ്പുനല്‍കി. സിറിയന്‍ പ്രശ്നപരിഹാരത്തിനായുള്ള ജനീവ സമ്മേളനം ഈ മാസവും അസ്താന സമ്മേളനം ജൂലൈയിലും നടക്കും