നിഗേല്‍ ഫെറാഷ് പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് രാജി വെച്ചു
|യുകിപില്‍ നിന്ന് രാജി പ്രഖ്യാപിച്ച ഫെറാഷ് ബ്രിട്ടനെ സ്വതന്ത്രശക്തിയാക്കി മാറ്റാനുള്ള ശ്രമത്തിന് പിന്തുണ നല്‍കുമെന്ന് പറഞ്ഞു. ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷമാണ് പിന്‍വാങ്ങുന്നതെന്നായിരുന്നു നിഗേല്‍ ഫെറാഷിന്റെ പ്രഖ്യാപനം.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന് വാദിച്ചവരില്‍ പ്രമുഖനായ നിഗേല്‍ ഫെറാഷ് പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് രാജി വെച്ചു. ബ്രക്സിറ്റ് അനുകൂല വാദഗതി ഉയര്‍ത്തിയ തീവ്രവലതുപക്ഷ കക്ഷിയായ യുകിപിന്റെ നേതാവാണ് ഫെറാഷ്. ബ്രെക്സിറ്റിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി ബ്രിട്ടനെ വലക്കുന്നതിനിടെയാണ് മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നുള്ള ഫെറാഷിന്റെ പിന്‍വാങ്ങല്‍.
യുകിപില്‍ നിന്ന് രാജി പ്രഖ്യാപിച്ച ഫെറാഷ് ബ്രിട്ടനെ സ്വതന്ത്രശക്തിയാക്കി മാറ്റാനുള്ള ശ്രമത്തിന് പിന്തുണ നല്‍കുമെന്ന് പറഞ്ഞു. ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷമാണ് പിന്‍വാങ്ങുന്നതെന്നായിരുന്നു നിഗേല്‍ ഫെറാഷിന്റെ പ്രഖ്യാപനം. 52കാരനായ ഫെറാഷ് ഇത് മൂന്നാം തവണയാണ് യുകിപില്‍ നിന്ന് രാജി വെക്കുന്നത്. എന്നാല്‍ ഇത്തവണ തിരിച്ചുവരവുണ്ടാവില്ലെന്ന സൂചനയും ഫെറാഷ് നല്‍കി.
യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന് ഹിതപരിശോധനയിലൂടെ ബ്രിട്ടന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് ഒക്റ്റോബറില്‍ രാജി വെക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രഖ്യാപിച്ചിരുന്നു. കാമറണിന് പകരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ബ്രെക്സിറ്റ് പക്ഷത്തെ കണ്‍സര്‍വേറ്റീവ് നേതാവ് ബോറിസ് ജോണ്‍സണും മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. ജോണ്‍സന്റെ പ്രഖ്യാപനം സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളൊടുങ്ങുന്നതിന് മുമ്പാണ് ബ്രെക്സിറ്റ് പക്ഷത്തെ പ്രമുഖനായ ഫെറാഷിന്റെ പിന്‍മാറ്റം. ബ്രക്സിറ്റ് സൃഷ്ടിച്ച പ്രതിസന്ധി ലേബര്‍ പാര്‍ട്ടിയിലും രൂക്ഷമായി തുടരുകയാണ്. പ്രതിപക്ഷനേതാവ് ജെറമി കോര്‍ബൈന്റെ നേതൃത്വത്തില്‍ വിശ്യാസമില്ലെന്ന് ലേബര്‍ എം.പിമാരില്‍ പലരും പ്രഖ്യാപിച്ചു കഴിഞ്ഞു. ബ്രെക്സിറ്റിന് ശേഷം ഇനിയെന്തെന്ന ചോദ്യമാണ് യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന് വാദിച്ചവര്‍ രാഷ്ട്രീയത്തില്‍ നിന്നുതന്നെ പിന്‍വാങ്ങാന്‍ കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ബ്രിട്ടന്റെ രാഷ്ട്രീയ സാമ്പത്തിക അന്തരീക്ഷത്തില്‍ വലിയ അസ്ഥിരതയാണ് ബ്രെക്സിറ്റ് സൃഷ്ടിച്ചത്.