ദില്‍മ റൂസെഫിനെതിരായ ഇംപീച്ച്മെന്റ് നടപടികളില്‍ ഇന്ന് വോട്ടെടുപ്പ് നടന്നേക്കും
|ഇംപീച്ച്മെന്റ് നടപടികളുടെ ഭാഗമായ വിചാരണ പൂര്‍ത്തിയായി.
ബ്രസീല്‍ മുന്‍ പ്രസിഡന്റ് ദില്‍മ റൂസെഫിനെതിരായ ഇംപീച്ച്മെന്റ് നടപടികളില്‍ സെനറ്റില്‍ ഇന്ന് വോട്ടെടുപ്പ് നടന്നേക്കും. ഇംപീച്ച്മെന്റ് നടപടികളുടെ ഭാഗമായ വിചാരണ പൂര്‍ത്തിയായി. ബ്രസീല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള വിചാരണ പൂര്ത്തിയായതോടെയാണി സെനറ്റില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.81 അംഗ സെന്ററിലെ മൂന്നിലൊരു ഭാഗം എതിര്‍ത്ത് വോട്ട് ചെയ്താല്‍ ദില്‍മ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താകും.
ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ലെങ്കില്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെടുന്ന ആദ്യ ബ്രസീല്‍ പ്രസിഡന്റു കൂടിയാകം ദില്‍മ. കുറ്റവിചാരണയുടെ ഭാഗമായി ഇന്നലെ സെനറ്റിലെത്തിയ ദില്‍മ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. തന്റെ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടുണ്ടാകുമെന്നും എന്നാല്‍ തന്നില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്നും ദില്‍മ സെനറ്റിന് മുന്നില്‍ മൊഴി നല്കി. ബ്രസീലിലെ സാമ്പത്തിക ശക്തികളും ജനാധിപത്യത്തെ എതിര്‍ക്കുന്നവരുമാണ് ആരോപണത്തിന് പിന്നിലെന്നും ദില്‍മ പറഞ്ഞു.
ദില്‍മയെ പിന്തുണച്ച് മുന്‍ ധനകാര്യമന്ത്രി നെല്‍സണ്‍ ബാര്‍ബോസ യും സെനറ്റിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു.ബജറ്റില്‍ കൃത്രിമം കാണിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് ദില്‍മ റൂസഫ് ഇംപീച്ച്മെന്റ് നേരിടുന്നത്. മെയ് 12 മുതല്‍ ദില്‍മ റൂസഫിനെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതത് മുതല്‍ മൈക്കല്‍ ടെമര്‍ ആണ് ബ്രസീലിലെ ഇടക്കാല പ്രസിഡന്റ്.