മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളാന്‍ ഓര്‍മിപ്പിച്ച് മനുഷ്യാവകാശ ദിനം
|1948ല്‍ ഐക്യരാഷ്ട്ര സഭാ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചതിന്റെ ഓര്‍മയ്ക്കാണ് മനുഷ്യാവകാശ ദിനം ആചരിക്കുന്നത്.
ഇന്ന് അറുപത്തി എട്ടാമത് ലോക മനുഷ്യാവകാശ ദിനം. 1948ല്‍ ഐക്യരാഷ്ട്ര സഭാ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചതിന്റെ ഓര്‍മയ്ക്കാണ് മനുഷ്യാവകാശ ദിനം ആചരിക്കുന്നത്.
അപരന്റെ അവകാശങ്ങള്‍ക്കായി നിലകൊള്ളുക എന്നതാണ് ഇത്തവണ മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. മനുഷ്യന്‍റെ പ്രാഥമികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നത് ലോകത്തുടനീളം നിത്യസംഭവമായി മാറിയ സാഹചര്യത്തിലാണ് ഈ മുദ്രാവാക്യം ഏറ്റെടുത്തത്. ജാതി - മത - സമൂഹ ഭേദമന്യേ കൈക്കൊള്ളുന്ന തീവ്രനിലപാടുകള്‍ അസംഖ്യം നിരപരാധികളെയാണ് അക്രമങ്ങള്‍ക്കിരകളാക്കുന്നത്. മാനുഷിക മൂല്യങ്ങള്‍ തന്നെ അക്രമങ്ങള്‍ക്ക് വിധേയമായെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നു.
സ്കൂളാവട്ടെ, ജോലിസ്ഥലമാവട്ടെ, തെരുവാവട്ടെ എവിടെയായാലും അപരന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണമെന്ന് ഈ ദിനത്തില്‍ ഐക്യരാഷ്ട്രസഭ ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു. ഫലസ്തീനും സിറിയയും ലോകത്തിന്‍റെ തന്നെ ദുഖമായി മാറുമ്പോള്‍ സൈനിക മേധാവിത്വത്തില്‍ അവകാശങ്ങള്‍ ബലികഴിക്കപ്പെടുന്നവരുടെ എണ്ണം ലോകത്തിന്‍റെ വിവിധ കോണുകളില്‍ പ്രതിദിനം വര്‍ധിക്കുകയാണ്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന അഭയാര്‍ഥികളുടെ എണ്ണം പതിന്മടങ്ങായി ഉയര്‍ന്നുകഴിഞ്ഞു. ഇവരുടെയൊക്കെ അവകാശങ്ങള്‍ക്ക് വേണ്ടി നമുക്കൊരുമിച്ച് നിലകൊള്ളാമെന്നാണ് യുഎന്നിന്‍റെ ആഹ്വാനം.