ഒബാമക്ക് സിറിയയിലെ ഡോക്ടര്‍മാരുടെ കത്ത്
|അലപ്പോയിലെ ആശുപത്രികള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ക്കെതിരെ ഒബാമയുടെ ശക്തമായ ഇടപെടല്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ടാണ് കത്തെഴുതിയിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് സിറിയയിലെ ഡോക്ടര്‍മാരുടെ കത്ത്. അലപ്പോയിലെ ആശുപത്രികള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ക്കെതിരെ ഒബാമയുടെ ശക്തമായ ഇടപെടല്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ടാണ് കത്തെഴുതിയിരിക്കുന്നത്.
29 ഡോക്ടര്‍മാര്‍ ഒപ്പുവെച്ച കത്താണ് ഒബാമക്ക് അയച്ചിരിക്കുന്നത്. വ്യോമാക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഒരുമാസം കൊണ്ട് ആശുപത്രികളില്‍ ഒരു ജീവന്‍ പോലും ബാക്കിയുണ്ടാകില്ലെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. പലായനം ചെയ്യുക അല്ലെങ്കില്‍ മരണത്തെ പുല്‍കുക എന്തൊരു വിധിയാണ് തങ്ങളുടേതെന്ന് പരിതപിക്കുന്നവരാണ് ഓരോ സിറിയക്കാരനെന്നും കത്തില്‍ പറയുന്നു. സിറിയയിലെ അവസ്ഥ എത്ര സങ്കീര്‍ണമാണെന്ന് പറയുന്നതിന് പകരം ദുരിതമനുഭവിക്കുന്നവരെ സംരക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാനാണ് മുന്നോട്ട് വരേണ്ടത്. കഴിഞ്ഞ മാസം മാത്രം 42 ആക്രമണങ്ങളാണ് ഉണ്ടായത്. ഇതില്‍ 15 എണ്ണം ആശുപത്രികള്‍ക്ക് നേരെയാണ്. ആക്രമണത്തെതുടര്‍ന്ന് ഇന്‍കുബിലേറ്ററിലുണ്ടായിരുന്ന 4 നവജാത ശിശുക്കള്‍ മരിച്ചു. ഇതൊക്കെ കണ്ട് കരയാനോ സഹതപിക്കാനോ പ്രാര്‍ഥിക്കാനോ പോലും തങ്ങള്‍ക്കാവുന്നില്ലെന്നും വൈകാരികമായെഴുതിയ കത്തില്‍ ഡോക്ടര്‍മാര്‍ പറയുന്നു.
അലപ്പോയിലെ ആശുപത്രി പരിസരങ്ങളെങ്കിലും വ്യോമാക്രമണ പരിധിയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ എന്തെങ്കിലും ചെയ്യൂ എന്ന അഭ്യര്‍ഥനായാണ് കത്തിലുളളത്. അതിനിടെ സൈനിക ഉപരോധം ഭേദിച്ച് വിമതര്‍ മുന്നേറുന്നതിനൊപ്പം സൈന്യം വ്യോമാക്രമണവും ശക്തമാക്കുകയാണ്. എല്ലാ ദിവസവും മൂന്ന് മണിക്കൂര്‍ വെടിവെപ്പ് നിര്‍ത്താന്‍ റഷ്യ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് മില്യണ്‍ കണക്കിന് ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ പര്യാപ്തമാകില്ലെന്ന് യുഎന്‍ തന്നെ പറയുന്നു.