ട്രംപ് ഐഎസിന്റെ റിക്രൂട്ട്മെന്റ് എളുപ്പമാക്കുന്നു: ഹിലരി
|ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കൂടുതല്‍ ഭീകരരെ റിക്രൂട്ട് ചെയ്യാന്‍ സഹായിക്കുന്നത് ട്രംപാണെന്ന് ഹിലരി
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശവുമായി ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കൂടുതല്‍ ഭീകരരെ റിക്രൂട്ട് ചെയ്യാന്‍ സഹായിക്കുന്നത് ട്രംപാണെന്ന് ഹിലരി തുറന്നടിച്ചു. ന്യൂ ജഴ്സി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങള്‍ക്ക് ശേഷമാണ് ഹിലരിയുടെ പ്രതികരണം.
പ്രചരണ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് ഹിലരി ട്രംപിനെ ഐഎസുമായി ചേര്‍ത്തുള്ള വിമര്‍ശം ഉന്നയിച്ചത്.
യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ മിഷേല്‍ ഹെയ്ദന്റെ പ്രസ്താവന ഉദ്ധരിച്ചായിരുന്നു ഹിലരിയുടെ വിമര്‍ശം. ട്രംപിന്റെ മുസ്ലിം - അഭയാര്‍ഥി വിരുദ്ധ പരാമര്‍ശങ്ങള്‍ ഐഎസ് പോലുള്ള ഭീകരസംഘടനകള്‍ക്ക് പുതിയ റിക്രൂട്ട്മെന്റുകള്‍ എളുപ്പമാക്കുന്നുണ്ടെന്ന് ഹെയ്ദന്‍ ആരോപിച്ചിരുന്നു. അമേരിക്കയിലേക്കുള്ള അഭയാര്‍ഥികളുടെ വരവിനെ തടയണമെന്ന് ട്രംപ് പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ചിരുന്നു.
ട്രംപും ഹിലരിയും തമ്മിലുള്ള ആദ്യ ഡിബേറ്റ് തുടങ്ങാനിരിക്കെയാണ് ട്രംപ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവുമായി ഹിലരി രംഗത്തെത്തിയിരിക്കുന്നത്.