അഭിപ്രായ സര്‍വേയില്‍ ട്രംപിന് മുന്‍തൂക്കം
|ഹിലരിയേക്കാള്‍ ട്രംപ് ഒരു പോയിന്റ് മുന്നിട്ടുനില്‍ക്കുന്നതായാണ് പുതിയ അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായ സര്‍വേയില്‍ ട്രംപിന് മുന്‍തൂക്കം. ഹിലരിയേക്കാള്‍ ട്രംപ് ഒരു പോയിന്റ് മുന്നിട്ടുനില്‍ക്കുന്നതായാണ് പുതിയ അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍. വാഷിങ്ടണ്‍ പോസ്റ്റും എബിസി ന്യൂസും നടത്തിയ സര്‍വ്വേ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് അതിവേഗം മുന്നേറുന്നതായാണ് അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍. വാഷിങ്ടണ്‍ പോസ്റ്റും എബിസി ന്യൂസും നടത്തിയ സര്‍വ്വേയില്‍ ഹിലരിക്ക് 45 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ ട്രംപ് 46 ശതമാനം നേടി. ഒരാഴ്ച മുമ്പ് പുറത്തുവന്ന അഭിപ്രായ സര്‍വേ പ്രകാരം ഡൊണാള്‍ഡ് ട്രംപ് ഹിലരിയേക്കാള്‍ 12 പോയിന്റിന് പിറകിലായിരുന്നു.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണെതിരെ ഇമെയില്‍ വിവാദത്തില്‍ എഫ്ബിഐ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ഹിലരിയുടെ ജനപ്രീതി കുറഞ്ഞത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അന്വേഷണം ഇപ്പോള്‍ നടത്തുന്നില്ലെന്ന് എഫ്ബിഐ പ്രഖ്യാപിച്ചെങ്കിലും ഹിലരിക്ക് പഴയ ജനസമ്മതി തിരിച്ച് പിടിക്കാനായിട്ടില്ല.