ഐഎസില്‍ ചേരാന്‍ കൌമാരക്കാരികളുടെ ഒഴുക്ക്; തുനീഷ്യ ഭീതിയില്‍
|ഐഎസില്‍ ചേര്‍ന്ന് പോരാടാന്‍ രാജ്യം വിടുന്ന തുനീഷ്യന്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മനുഷ്യാവകാശ പ്രവര്‍ത്തകരെയും കുടുംബങ്ങളെയും ഭീതിയിലാഴ്ത്തി 700 ലധികം സത്രീകളും പെണ്‍കുട്ടികളുമാണ് തുനീഷ്യയില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നത്.
ഐഎസില്‍ ചേര്‍ന്ന് പോരാടാന്‍ രാജ്യം വിടുന്ന തുനീഷ്യന്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മനുഷ്യാവകാശ പ്രവര്‍ത്തകരെയും കുടുംബങ്ങളെയും ഭീതിയിലാഴ്ത്തി 700 ലധികം സത്രീകളും പെണ്‍കുട്ടികളുമാണ് തുനീഷ്യയില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നത്. “എന്റെ കുടുംബത്തില്‍ കളിചിരികളും സന്തോഷവുമൊക്കെ എന്നോ നഷ്ടമായി.” ഐസില്‍ ചേരാന്‍ രാജ്യം വിട്ട 2 പെണ്‍കുട്ടികളുടെ മാതാവായ ഉല്‍ഫാ ഹംറൂനി പറയുന്നു. “ഇതിലും ഭേദം മരിക്കുകയായിരുന്നു. എനിക്ക് 2 പെണ്‍കുട്ടികള്‍ കൂടിയില്ലായിരുന്നില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്തേനെ”.
ഹംറൂനിയുടെ പെണ്മക്കളിലൊരാള് കഴിഞ്ഞ വര്‍ഷം തുനീഷ്യയില്‍ ആക്രമണം നടത്തുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ് ഭീകരനെ വിവാഹം കഴിക്കുകയും ചെയ്തു. ലിബിയയില്‍ അറസ്റ്റിലായ സഹോദരിമാര്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ജയിലിലാണിപ്പോള്‍. 5 മാസം പ്രായമുള്ള ഹംറൂനിയുടെ ചെറുമകളും അറസ്റ്റിലായവരുടെ ഒപ്പമുണ്ട്. സാധാരണ ജീവിതം നയിച്ചിരുന്ന തന്റെ മൂത്ത പെണ്മക്കള് ഐഎസ് ചിന്താധാരയുടെ സ്വാധീനത്തില്‍ പെട്ടതിനു ശേഷം അടിമുടി മാറിയിരുന്നതായി ഹംറൂനി ഓര്‍ക്കുന്നു. “അവരുടെ മാതാവും പിതാവും ഭരണാധികാരിയും സ്വപ്നങ്ങളുമെല്ലാം പൊടുന്നനെ ഐഎസ് ആയി മാറി.”
ഐഎസില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിക്കുന്ന തന്റെ ഇളയ പെണ്മക്കളെ സംരക്ഷിക്കുന്നതിലാണ് ഇപ്പോള്‍ തന്റെ മുഴുവന്‍ ശ്രദ്ധയുമെന്ന് ഹംറൂനി പറയുന്നു. ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്താല്‍ മക്കളുടെ മനോനില മാറ്റിയെടുക്കാന്‍ ശ്രമിക്കുകയാണ് അവര്‍. മെയ് മാസത്തില്‍ സീദി ബസൂദിലെ ഒരു സ്കൂളില്‍ നിന്നും ഐഎസില്‍ ചേരാനായി ലിബിയയിലേക്ക് പോവാന്‍ പദ്ധതിയിട്ടിരുന്ന 3 പെണ്‍കുട്ടികളെ പൊലീസ് അറസ്റ്റി ചെയ്തിരുന്നു. ഒരാഴ്ചത്തെ ജയില്‍ ജീവിതത്തിനു ശേഷം ഇവര്‍ മോചിതരായി. ഐഎസ് പ്രചാരവേലയെ ചെറുക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് തുനീഷ്യന്‍ വിദ്യാഭ്യാസ മന്ത്രി നജി ജല്ലൂല്‍ പറയുന്നു. “ശരീരവും ജീവനും പാവനമാണമെന്ന് ഓരോ കുട്ടിയും മനസ്സിലാക്കേണ്ടതുണ്ട്. പിറന്നുവീണതു മുതല്‍ അവസാനശ്വാസം വരെ രാജ്യത്തിനും കുടുംബത്തിനും ജനങ്ങള്‍ക്കും അവരെ ആവശ്യമുണ്ടെന്ന് അവര്‍ മനസ്സിലാക്കണം.” അദ്ദേഹം പറഞ്ഞു.
വിദേശത്തു പോയി തിരിച്ചുവരുന്ന മിക്ക സ്ത്രീകളും ഭാര്യമാരോ വിധവകളോ ആയാണ് തിരിച്ചുവരാറുള്ളത്. അതു കൊണ്ട് തന്നെ ഇവര്‍ സര്‍ക്കാറിന്റെയും സായുധ സംഘടനകളുടേയും നോട്ടപ്പുള്ളികളായി മാറുകയും ചെയ്യുന്നു. വിദേശങ്ങളില്‍ കുടുങ്ങിയ തുനീഷ്യക്കാരെ രക്ഷപ്പെടുത്തുന്നതിന് ശ്രമിക്കുന്ന സംഘടനയുടെ പ്രതിനിധിയായ മുഹമ്മദ് ഇഖ്ബാല്‍ റജബ് പറയുന്നു. സംഘര്‍ഷ ഭൂമികളില്‍ നിന്ന് തിരിച്ചെത്തുന്ന സ്ത്രീകള്‍ക്ക് സഹായവും പിന്തുണയും ഉറപ്പുവരുത്തലാണ് സംഘടനയുടെ ലക്ഷ്യം.