പട്ടാള അട്ടിമറി ശ്രമത്തെ പാശ്ചാത്യ രാജ്യങ്ങള്‍ ചെറുതായി കണ്ടെന്ന് ഉര്ദുഗാന്
|അട്ടിമറിക്കാര്‍ക്കെതിരായ നടപടികളെ വിമര്‍ശിക്കുന്നവര്‍ തുര്‍ക്കിയുടെ സുഹൃത്തുക്കളല്ലെന്നും അദ്ദേഹം തുറന്നടിച്ചു
തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തെ പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കള്‍ ചെറുതായി കണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. അട്ടിമറിക്കാര്‍ക്കെതിരായ നടപടികളെ വിമര്‍ശിക്കുന്നവര്‍ തുര്‍ക്കിയുടെ സുഹൃത്തുക്കളല്ലെന്നും അദ്ദേഹം തുറന്നടിച്ചു. തന്നെ അപമാനിച്ച പൌരന്മാര്ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കുന്നതായും ഉര്ദുഗാന് അറിയിച്ചു.
അങ്കാറയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടത്തിയ പ്രസംഗത്തിലാണ് റജബ് ത്വയ്യിബ് ഉര്ദുഗാന് പാശ്ചാത്യ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്. പട്ടാള അട്ടിമറി ശ്രമമല്ല , അതിനെതിരെ സ്വീകരിച്ച നടപടികളാണ് ഇത്തരക്കാരെ അലോസരപ്പെടുത്തുന്നത്. അവര്‍ സ്വന്തംകാര്യം നോക്കിയല് മതിയെന്നും ഉര്ദുഗാന് തുറന്നടിച്ചു. തന്നെ അപമാനിച്ചവര്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കുന്നതായും ഉര്ദുഗാന് അറിയിച്ചു.
അട്ടിമറി ശ്രമത്തിന് പിന്നില്‍ അമേരിക്കയില്‍ കഴിയുന്ന ഫത്ഹുല്ല ഗുലന് ആണെന്നാണ് തുര്‍ക്കി ആരോപിക്കുന്നത്. അട്ടിമറിയില്‍ പങ്കെടുത്തെന്ന് കരുതുന്ന പതിനെട്ടായിരം പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പട്ടാളക്കാരും ജഡ്ജിമാരും പ്രോസിക്യൂട്ടര്‍മാരും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.