നൈസില്‍ ഇനി ബുര്‍ഖിനി ധരിക്കാം; വിലക്ക് കോടതി നീക്കി
|ഉന്നത കോടതിയുടെ നിര്‍ദേശമുണ്ടായതിന് ശേഷവും തുടര്‍ന്ന് വന്നിരുന്ന വിലക്കാണ് കോടതി ഇടപെട്ട് നീക്കിയത്.
ഫ്രാന്‍സിലെ നൈസില്‍ ബുര്‍ഖിനി ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് കോടതി നീക്കി. ഉന്നത കോടതിയുടെ നിര്‍ദേശമുണ്ടായതിന് ശേഷവും തുടര്‍ന്ന് വന്നിരുന്ന വിലക്കാണ് കോടതി ഇടപെട്ട് നീക്കിയത്. ബുര്‍ഖിനി ധരിക്കുന്നത് പൊതുഇടങ്ങളിലെ പ്രവര്‍ത്തനത്തെയോ സുരക്ഷയെയോ ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ഫ്രാന്‍സിലെ 30 നഗരങ്ങളില്‍ ബുര്‍ഖിനിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് രാജ്യത്തെ ഉന്നത കോടതി റദ്ദാക്കിയിരുന്നെങ്കിലും നൈസ് ഉള്‍പ്പെടെയുള്ള ചില നഗരങ്ങള്‍ കോടതി വിധി അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഫ്രാന്‍സിന്റെ മതേതര മുഖത്തിന് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിവിധ നഗരങ്ങളുടെ നടപടി. ബുര്‍ഖിനി ധരിച്ചതിന് മുപ്പതോളം പേരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് ഫ്രാന്‍സിലെ ഹ്യൂമന്‍ റൈറ്റ്സ് ലീഗും ഇസ്‍ലാമോഫോബിയ വിരുദ്ധ വിഭാഗവും സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ വിധി. നഗര മേധാവിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് നൈസിലെ അഡ്മിനിസ്ട്രേറ്റിവ് കോടതി വ്യക്തമാക്കി. ബുര്‍ഖിനി ധരിക്കുന്നത് പൊതുഇടങ്ങളില്‍ പ്രയാസം സൃഷ്ടിക്കുന്നില്ല. വൃത്തിയെയോ സുരക്ഷയയോ ഇത് ബാധിക്കുന്നില്ല. രാജ്യത്ത് നടക്കുന്ന ഭീകരാക്രമണങ്ങളുമായി ഇതിന് ബന്ധമില്ലെന്നും കോടതി പറഞ്ഞു
മുഴുനീള നീന്തല്‍ വസ്ത്രമായ ബുര്‍ഖിനി ഉപയോഗിക്കുന്നത് ഫ്രാന്‍സിന്റെ മതേതര പാരമ്പര്യത്തിന് ചേര്‍ന്നതല്ല എന്നാണ് പ്രധാന വാദം. കഴിഞ്ഞ ദിവസം പാരീസിലെ നീസ് ബീച്ചിൽ ബുർക്കിനി ധരിച്ച സ്ത്രീയുടെ വസ്ത്രം പൊലീസ് ഭീഷണിപ്പെടുത്തി അഴിപ്പിച്ചത് ലോകമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ബുര്‍ഖിനി നിരോധം നീക്കിയതും ഫ്രാന്‍സില്‍ വന്‍ വിമര്‍ശങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.