സിറിയയിലെ യുദ്ധക്കുറ്റം; അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുമെന്ന് ഫ്രാന്‍സ്
|റഷ്യന്‍ പിന്തുണയോടെ സിറിയയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് ഫ്രാന്‍സ് പ്രതിജ്ഞാബന്ധരാണ്
സിറിയയിലെ യുദ്ധക്കുറ്റങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുമെന്ന് ഫ്രാന്‍സ് . റഷ്യന്‍ പിന്തുണയോടെ സിറിയയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് ഫ്രാന്‍സ് പ്രതിജ്ഞാബന്ധരാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
സിറിയയിലെ അലെപ്പോയില്‍ സിവിലിയന്‍മാര്‍ക്ക് നേരെയും ആശുപത്രികള്‍ക്ക് നേരെയും ആക്രമണം നടത്തുന്നതില്‍ റഷ്യക്കെതിരെ കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്. അലപ്പോയില്‍ നടക്കുന്ന പല ആക്രമണങ്ങളും യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് നേരത്തെ ഐക്യരാഷ്ട്രസഭയും കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കാന്‍ ഫ്രാന്‍സ് ഒരുങ്ങുന്നത്. അലപ്പോയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര നിയമങ്ങള്‍ ഉപയോഗപ്പെടുത്തണം. റഷ്യ നടത്തുന്ന ആക്രമണങ്ങളെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് ഫ്രാന്‍സ് വിദേശകാര്യമന്ത്രി ജീന്‍ മാര്‍ക് അയ്റാള്‍ട്ട് പറഞ്ഞു.
ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാങ് അലപ്പോയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമെന്നും വിദേശ്യകാര്യമന്ത്രി ജീന്‍മാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. ഈ മാസം 19ന് പാരീസ് സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനുമായുള്ള കൂടിക്കാഴ്ച ഫ്രാന്‍സ് പ്രസിഡന്റ് നിരസിച്ചേക്കും. രണ്ടാഴ്ചക്കിടെ റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സേന ആക്രമണത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്.