സിറിയന്‍ പ്രശ്നത്തിന് കാരണം സൌദിയും തുര്‍ക്കിയുമെന്ന് ഹിസ്ബുല്ല
|സിറിയയില്‍ പ്രശ്ന പരിഹാരത്തിന് തടസം നില്‍ക്കുന്നത് സൌദി അറേബ്യയും തുര്‍ക്കിയുമാണെന്ന് ഹിസ്ബുല്ല.
സിറിയയില്‍ പ്രശ്ന പരിഹാരത്തിന് തടസം നില്‍ക്കുന്നത് സൌദി അറേബ്യയും തുര്‍ക്കിയുമാണെന്ന് ഹിസ്ബുല്ല. ജനീവയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ ഫലം കാണാന്‍ സൌദി ആഗ്രഹിക്കുന്നില്ലെന്നും ഹിസ്ബുല്ല നേതാവ് സെയ്ദ് ഹസന് നസറുല്ല കുറ്റപ്പെടുത്തി.
സിറിയയില്‍ രാഷ്ട്രീയ പരിഹാരം കാണാന്‍ തടസം നില്ക്കുന്നവരില് ഒന്നാമത് സൌദിയും രണ്ടാമത് തുര്‍ക്കിയുമാണെന്നാണ് ഹിസ്ബുല്ല നേതാവ് സയെദ് ഹസന് നസറുള്ള ആരോപിച്ചത്. സിറിയയിലെ പ്രവര്‍ത്തനങ്ങളിലൂടെ ഹിസ്ബുല്ലയുടെ ശക്തി വര്‍ധിച്ചുവെന്നും നസറുല്ല പറഞ്ഞു. സിറിയയിലെ ഹിസ്ബുല്ല ഇടപെടലിന്റെ പേരില്‍ ലെബനനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ഇസ്രയേല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് നസറുല്ല മുന്നറിയിപ്പ് നല്കി. ലെബനന് എതിരെ ആര് യുദ്ധം പ്രഖ്യാപിച്ചാലും ശക്തമയി പ്രതിരോധിക്കുമെന്നായിരുന്നു ഹിസ്ബുല്ല നേതാവിന്റെ മറുപടി. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പിന്തുണക്കുന്ന ഹിസ്ബുല്ല അസദിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തങ്ങളുടെ സൈന്യത്തെ സിറിയയിലേക്ക് അയച്ചിരുന്നു. ലെബനന് ആസ്ഥാനമായ ശിയ സംഘടനയായ ഹിസ്ബുല്ലയെ സൌദി അറേബ്യ അടക്കമുള്ള ജിസിസി രാജ്യങ്ങള്‍ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് മൂന്ന് ആഴ്ച പിന്നിടുമ്പോഴാണ് ഹിസ്ബുല്ലയുടെ പ്രതികരണം.