ഒപ്പുവെക്കാന്‍ ബെല്‍ജിയം വിസമ്മതിച്ചു; യൂറോപ്യന്‍ യൂണിയന്‍ കാനഡ സ്വതന്ത്രവ്യാപാരകരാര്‍ പ്രതിസന്ധിയില്‍
|ബെല്‍ജിയത്തിലെ വയോനിയ പാര്‍ലമെന്റാണ് സെറ്റ എന്നറിയപ്പെടുന്ന കരാര്‍ നിരാകരിച്ചിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയന്‍ കാനഡ സ്വതന്ത്ര വ്യാപാര കരാറായ സെറ്റ പ്രതിസന്ധിയില്‍. സെറ്റയില്‍ ഒപ്പുവെക്കാന്‍ ബെല്‍ജിയം വിസമ്മതിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ബെല്‍ജിയത്തിലെ ഒരു പ്രാദേശിക പാര്‍ലമെന്റാണ് കരാറിനോടുള്ള എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ നാളെ ഒപ്പുവെക്കാനിരുന്ന കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ബെല്‍ജിയത്തിലെ വയോനിയ പാര്‍ലമെന്റാണ് സെറ്റ എന്നറിയപ്പെടുന്ന കരാര്‍ നിരാകരിച്ചിരിക്കുന്നത്. നാളെ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാര്‍ കരാറിനെക്കുറിച്ച് അവസാന വട്ട ചര്‍ച്ച തുടങ്ങാനിരിക്കെയാണ് തിരിച്ചടി.
കരാറില്‍ ഒപ്പുവെക്കണമെങ്കില്‍ അംഗരാജ്യങ്ങളുടെ മുഴുവന്‍ സമ്മതം ആവശ്യമാണ്. ബെല്‍ജിയം ഒഴികെയുള്ള 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ സെറ്റയെ അംഗീകരിച്ചു കഴിഞ്ഞു. വയോനിയ പാര്‍ലമെന്റ് അംഗീകരിക്കാത്തതിനാല്‍ മാത്രമാണ് ബെല്‍ജിയത്തിന് ഈ കരാര്‍ അംഗീകരിക്കാന്‍ ഇനിയും സാധിക്കാത്തത്.
ബെല്‍ജിയം എതിര്‍പ്പറിയിച്ചതോടെ നാളെ കരാറില്‍ ഒപ്പുവെക്കാമെന്ന യൂറോപ്യന്‍ യൂനിയന്‍ പ്രതീക്ഷ പാളി. കരാറിനെ അംഗീകരിക്കാന്‍ ബെല്‍ജിയത്തിന് യൂറോപ്യന്‍ യൂനിയന്‍ അനുവദിച്ച സമയം ഇന്ന് അവസാനിക്കുകയാണ്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് പകരം സമയപരിധി നിശ്ചയിക്കുന്ന ഇ യു നിലപാടിനെ വയോനിയ പ്രസിഡന്റ് പോള്‍ മാഗ്‌നറ്റ് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചു.
ദേശീയ പാര്‍ലമെന്റുകള്‍ അംഗീകരിക്കുന്നതിനു മുമ്പ് തന്നെ കരാര്‍ ഭാഗികമായി നടപ്പാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പല ഭാഗങ്ങളില്‍നിന്നും കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. വയോനിയ പാര്‍ലമെന്റ് കരാറിനെ എതിര്‍ക്കുന്നത് തൊഴില്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ്. യൂറോപ്യന്‍ യൂണിയന്‍ യു എസ് ട്രാന്‍സ് അറ്റ്‌ലാന്റിക് വ്യാപാര കരാര്‍ നടപ്പാക്കാനും സെറ്റ മറയാക്കപ്പെടുമെന്ന് എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. നേരത്തെ കരാറിനെതിരെ ജര്‍മനിയിലും പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനിടെ, കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.