13 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട വിവാഹ മോതിരം ഒടുവില്‍ ക്യാരറ്റില്‍ കണ്ടെത്തി
|ആല്‍ബര്‍ട്ടയിലെ കാംറോസിലാണ് ഈ കൌതുകകരമായ സംഭവം നടന്നത്
പതിമൂന്ന് വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട വിവാഹമോതിരം ഒടുവില്‍ ക്യാരറ്റില്‍ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് എണ്‍പത്തിനാലുകാരിയായ മേരി ഗ്രാം. തങ്ങളുടെ തോട്ടത്തില്‍ വിളഞ്ഞു നില്ക്കുന്ന ക്യാരറ്റിനാണ് കാനഡക്കാരിയായ ഈ അമ്മൂമ്മ ഇപ്പോള്‍ നന്ദി പറയുന്നത്.
ആല്‍ബര്‍ട്ടയിലെ കാംറോസിലാണ് ഈ കൌതുകകരമായ സംഭവം നടന്നത്. 43 വർഷം മുൻപ് 1951-ലാണ് മേരിയുടെ വിരലില്‍ ആ മോതിരം കൂട്ടായി വരുന്നത്. വിവാഹത്തിന് ഒരു വർഷം മുൻപ് നടന്ന നിശ്ചയത്തിന് ഭർത്താവ് നോർമൻ മേരിയുടെ വിരലിലണിയിച്ചതാണ് ആ മോതിരം.
53 വർഷം കഴിഞ്ഞ് 2004-ൽ മേരിയുടെ ആ മോതിരം എങ്ങനെയോ നഷ്ടമായി. ആ മോതിരത്തിനായി അന്ന് തുടങ്ങിയ തിരച്ചിലാണ്. കുറെ നാൾ കഴിഞ്ഞപ്പോൾ പക്ഷേ പ്രതീക്ഷ കൈവിട്ടു. ഇപ്പോഴിതാ അർമേനയിലെ തങ്ങളുടെ ഫാം ഹൗസിൽ വളർന്നു നിൽക്കുന്ന ഒരു കാരറ്റിനൊപ്പം ആ മോതിരം കണ്ടെത്തിയിരിക്കുന്നു.
മോതിരം നഷ്ടപ്പെട്ട വിവരം ഇക്കാലമത്രയും മേരി നോർമനെ അറിയിച്ചിരുന്നില്ല. നഷ്ടപ്പെട്ട മോതിരത്തിനു പകരം അതേപോലൊരെണ്ണം വാങ്ങി കൈവിരലിൽ അണിയുകയും ചെയ്തു. ഭര്‍ത്താവ് വഴക്ക് പറഞ്ഞാലോ എന്ന് പേടിച്ചാണ് താനത് പറയാതിരുന്നതെന്ന് മേരി പറയുന്നു. അഞ്ചു വര്‍ഷം മുൻപ് നോർമൻ മരിക്കുന്നതു വരെ ഇക്കാര്യം രഹസ്യമാക്കി വച്ചു. പിന്നീട് തന്റെ മകനോട് തന്റെ മോതിരം നഷ്ടപ്പെട്ട വിവരം പറയുകയും ചെയ്തു. ഫാം ഹൗസിലെ കാരറ്റിനൊപ്പം കണ്ടെത്തിയ മോതിരത്തെപ്പറ്റി മേരിയെ അറിയിച്ചത് മകന്റെ ഭാര്യയായ കൊളീൻ ആണ്. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും മാറ്റ് കുറയാതെ തിളങ്ങി നില്ക്കുന്ന മോതിരം കണ്ട് മേരിയുടെ കണ്ണ് നിറഞ്ഞുപോയി.