മന്ത്രിസഭയിലും പാര്‍ട്ടിയിലും അഴിച്ചുപണി നടത്തി തെരേസ മേ
|മന്ത്രിസഭയില്‍ 9 പുതിയ അംഗങ്ങളെ ചേര്‍ത്തു
മന്ത്രിസഭയിലും പാര്‍ട്ടിയിലും അഴിച്ചുപണി നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. മന്ത്രിസഭയില്‍ 9 പുതിയ അംഗങ്ങളെ ചേര്‍ത്തു. മേ സര്‍ക്കാര്‍ കടുത്ത വിമര്‍ശം നേരിടുന്ന സാഹചര്യത്തിലാണ് പുതിയനീക്കം.
ബ്രെക്സിറ്റ് നടപടിയില്‍ വലിയ വിമര്‍ശം നേരിടുന്നതൊപ്പം മന്ത്രിസഭ അംഗങ്ങള്‍ക്കെതിരെ ലൈംഗിക ആരോപണങ്ങളുയര്‍ന്നതും തേരേസ മേ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ആരോഗ്യ മേഖലയിലടക്കം വലിയ വിമര്‍ശമാണ് മേ സര്‍ക്കാര്‍ നേരിടുന്നത്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാരിന്റെ മുഖം മിനുക്കുകയാണ് പുനസംഘടനയുടെ ലക്ഷ്യം. മന്ത്രിസഭയിലേക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ബ്രാന്‍റണ്‍ ലൂയിസിനെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാനായും ജെയിംസ് ക്ലെവെര്‍ലിയെ വൈസ് ചെയര്‍മാനായും നിയമിച്ചു.
തദ്ദേശ സ്ഥാപനം, യുവജനം, നയം തുടങ്ങിയ വകുപ്പുകളിലേക്കാണ് പുതിയ മന്ത്രിമാരെ നിയമിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആസ്ഥാനം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ജൂണില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു. വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും തെരെഞ്ഞെടെപ്പ് പ്രഖ്യാപിച്ചതില്‍ തെരേസ മേക്കെതിരെ വിമര്‍ശമുയര്‍ന്നു. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശങ്ങളെ നേരിടാന്‍ ഇപ്പോഴത്തെ മാറ്റം ഉപകരിക്കുമെന്നാണ് തെരേസ മേ പ്രതീക്ഷിക്കുന്നത്.