സിറിയന്‍ വിഷയത്തിലെ അഭിപ്രായ ഭിന്നത പരസ്യമാക്കി അമേരിക്കയും തുര്‍ക്കിയും
|ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതിസന്ധി ഘട്ടത്തിലാണെന്ന് അമേരിക്ക. അമേരിക്ക നല്കിയ പല വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ലെന്ന് തുര്‍ക്കി
സിറിയന്‍ വിഷയത്തിലെ അഭിപ്രായ ഭിന്നത പരസ്യമാക്കി അമേരിക്കയും തുര്‍ക്കിയും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതിസന്ധി ഘട്ടത്തിലാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് പറഞ്ഞു. അമേരിക്ക നല്കിയ പല വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലറ്റ് കാവുസോഗ്ലു കുറ്റപ്പെടുത്തി.
സായുധ സംഘമായ കുര്‍ദിഷ് വൈപിജിക്ക് അമേരിക്ക നല്കുന്ന പിന്തുണയില്‍ തുര്‍ക്കി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നത വിദേശകാര്യ മന്ത്രിമാര്‍ പരസ്യമാക്കിയത്. തുര്‍ക്കി തലസ്ഥാനമായ അങ്കാരയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് റെക്സ് ടില്ലേഴ്സന്റെയും മെവ്ലുറ്റ് കാവുസോഗ്ലുവിന്റെയും പ്രതികരണം.
സിറിയയില്‍ ഒരേ താത്പര്യങ്ങളാണ് തുര്‍ക്കിക്കും അമേരിക്കക്കുമുള്ളതെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതിസന്ധി ഘട്ടത്തിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് പറഞ്ഞു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലാണെന്നായിരുന്നു തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലറ്റ് കാവുസോഗ്ലുവിന്റെ പ്രതികരണം. വിപരീത ദിശയിലാണോ മുന്നോട്ട് പോകേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ഇരു രാജ്യങ്ങള്‍ തന്നെയാണെന്ന് കാവുസോഗ്ലു കൂട്ടിച്ചേര്‍ത്തു.
അമേരിക്ക - തുര്‍ക്കി ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് കാവുസോഗ്ലു പറഞ്ഞു.
എന്നാല്‍ സിറിയന്‍ വിഷയത്തിലെ ഭാവി പരിപാടികളെ കുറിച്ച് ഇരു നേതാക്കളും പ്രതികരിച്ചില്ല. വടക്കന്‍ സിറിയയിലെ അഫ്രിന് മേഖലയില്‍ തുര്‍ക്കി സൈനിക നീക്കം ആരംഭിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോര് ആരംഭിക്കുന്നത്.