ഇനിയും കൂടുതല്‍ സാമ്പത്തിക നിയന്ത്രണമില്ലെന്ന് ഗ്രീക്ക് പ്രധാനമന്ത്രി
|എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യൂറോ ഗ്രൂപ്പ് യോഗത്തിലുണ്ടായ തീരുമാനമനുസരിച്ച് സാമ്പത്തിക നിയന്ത്രണങ്ങളില്ലാതെ തന്നെ ഗ്രീസിന് പുതിയ ഗഡു കടം സ്വീകരിക്കാം.
രാജ്യത്ത്കൂടുതല്‍ സാമ്പത്തിക നിയന്ത്രണമേര്‍പ്പെടുത്തില്ലെന്ന് ഗ്രീക്ക്പ്രധാനമന്ത്രി അലക്സി സിപ്രസ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള അടുത്ത ഘട്ടം സാമ്പത്തിക സഹായം ലഭിക്കാന്‍ കൂടുതല്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് സിപ്രസിന്റെ പ്രതികരണം
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചപ്പോള്‍ ഗ്രീസ് ഒപ്പിട്ട കരാറുകളുനസരിച്ച് രാജ്യത്ത് നിരവധി സാമ്പത്തിക നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യൂറോ ഗ്രൂപ്പ് യോഗത്തിലുണ്ടായ തീരുമാനമനുസരിച്ച് സാമ്പത്തിക നിയന്ത്രണങ്ങളില്ലാതെ തന്നെ ഗ്രീസിന് പുതിയ ഗഡു കടം സ്വീകരിക്കാം. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കാലാവധി തീരുന്ന കടംവീട്ടാന്‍ 500 കോടി യൂറോയുടെ ധനസഹായം ഗ്രീസിന് അടിയന്തരമായി ലഭിക്കേണ്ടതുണ്ട്. പാര്‍ലമെന്റില്‍ സിപ്രസ് നടത്തിയ പ്രഖ്യാപനത്തില്‍ ഗ്രീസ് ഇനി ഒറ്റക്കാവില്ലെന്നും പറഞ്ഞു. ധനസഹായം ലഭിക്കുന്നതിനായുള്ള സാമ്പത്തിക നിയന്ത്രണത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഗ്രീസിന്റെ പുറത്ത് പോവാനുള്ള സാധ്യത ഉയര്‍ത്തിയിരുന്നു. ഗ്രീസിന്റെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ യൂറോപ്യന്‍ യൂണിയന്‍ ധനമന്ത്രിമാര്‍ തുടങ്ങിയിട്ടുണ്ട്. കടബാധ്യതകളെ തുടര്‍ന്ന് മങ്ങിയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും നിക്ഷേപകരെ സംതൃപ്തരാക്കാനും ഗ്രീസിന് അത്തരം സഹായങ്ങള്‍ ആവശ്യമാവുന്ന സന്ദര്‍ഭവുമാണിത്. സാമ്പത്തികം ഗ്രീസിനെ വട്ടംകറക്കാന്‍ തുടങ്ങിയിട്ട് അരപതിറ്റാണ്ട് കഴിയുകയാണ്. പെന്‍ഷന്‍ വ്യവസ്ഥയിലും നികുതിയിലും കൊണ്ടുവന്ന മാറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീക്ക് ജനത നടത്തുന്ന പോരാട്ടങ്ങള്‍ ശക്തമാകുന്ന കാലത്താണ് സിപ്രസിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.