International Old
അറഫാത്തിനെ ഇസ്രായേലിനു വേണ്ടി വിഷം നല്‍കി വധിക്കുകയായിരുന്നുവെന്ന് ആരോപണംഅറഫാത്തിനെ ഇസ്രായേലിനു വേണ്ടി വിഷം നല്‍കി വധിക്കുകയായിരുന്നുവെന്ന് ആരോപണം
International Old

അറഫാത്തിനെ ഇസ്രായേലിനു വേണ്ടി വിഷം നല്‍കി വധിക്കുകയായിരുന്നുവെന്ന് ആരോപണം

Khasida
|
13 May 2018 8:05 PM GMT

മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരുമെന്നും നിങ്ങള്‍ ഞെട്ടിപ്പോകുന്ന ചില പേരുകള്‍ അതിലുണ്ടാകുമെന്നും


അന്തരിച്ച ഫലസ്തീന്‍ പ്രസിഡന്‍റ് യാസര്‍ അറഫാത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഫലസ്തീനില്‍ പുതിയ വിവാദം. അറഫാത്തിന്‍റെ മരണത്തില്‍ പരസ്പരം കുറ്റമാരോപിച്ച് ഫതഹ് പാര്‍ട്ടിയിലെ പ്രമുഖര്‍ രംഗത്തു വന്നു. അസുഖ ബാധിതനായ അറഫാത്തിനെ ഇസ്രായേലിനു വേണ്ടി വിഷം നല്‍കി വധിക്കുകയായിരുന്നുവെന്നാണ് ആരോപണം.

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫലസ്തീന്‍ പ്രസിഡന്‍റും പിഎല്‍ഓ നേതാവുമായിരുന്ന യാസിര്‍ അറഫാത്ത് 2004 നവംബര്‍ നാലിനാണ് ഫ്രാന്‍സിലെ സൈനിക ആശുപത്രിയില്‍ മരിച്ചത്. യാസര്‍ അറഫാത്തിന്‍റേത് സ്വാഭാവിക മരണമെല്ലെന്നും ക്രൂരമായ കൊലപാതകമാണെന്നും ആരോപിച്ച് 2012 ല്‍ ഭാര്യ സുഹ രംഗത്തുവന്നു. ഇതേത്തുടര്‍ന്ന് ഭൌതികാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് വസ്ത്രങ്ങളില്‍ മാരകമായ അളവില്‍ വിഷാംശം കണ്ടെത്തിയത്. അറഫാത്തിന് സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ വിഷം നല്‍കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

നിലവിലെ ഫലസ്തീന്‍ പ്രസിഡന്‍റും ഫതഹ് പാര്‍ട്ടി നേതാവുമായ മഹ്മൂദ് അബ്ബാസ് അറഫാത്തിന്‍റെ മരണത്തില്‍ സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ രംഗത്തു വന്നു. മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരുമെന്നും നിങ്ങള്‍ ഞെട്ടിപ്പോകുന്ന ചില പേരുകള്‍ അതിലുണ്ടാകുമെന്നും ഫതഹ് പാര്‍ട്ടി മുന്‍ സെക്യൂരിറ്റി ചീഫ് മഹ്മൂദ് ദഹ്ലാനെ ലക്ഷ്യം വെച്ച് അദ്ദേഹം പറഞ്ഞു. അറഫാത്തിന്‍റെ പന്ത്രണ്ടാം ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് 81 കാരനായ അബ്ബാസ് സ്വന്തം പാര്‍ട്ടിയിലെ എതിരാളികള്‍ക്കെതിരെ സൂചന നല്‍കിയത്.

അതേസമയം യുഎഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന ദഹ്‌ലാന്‍ ആരോപണം നിഷേധിച്ച് രംഗത്തുവന്നു. അറഫാത്തിന്‍റെ മരണത്തിന്‍റെ ഫലമനുഭവിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും തന്നെ കുറ്റപ്പെടുത്താന്‍ അബ്ബാസിന് യോഗ്യതയില്ലെന്നുമായിരുന്നു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ദഹ്‌ലാന്‍റെ പ്രതികരണം. അറഫാത്തിന്‍റെ മരണം വരെ ഉറ്റ സുഹൃത്തുക്കളായിരുന്ന ദഹ്‌ലാനും അബ്ബാസും പിന്നീട് അകലുകയായിരുന്നു. അഭിപ്രായ വ്യത്യാസവും തമ്മിലടിയും രൂക്ഷമായതോടെ ഫലസ്തീന്‍ ഭരണ വര്‍ഗപാര്‍ട്ടിയായ ഫതഹിന്‍റെ നിലനില്‍പ്പ് തന്നെ ആശങ്കയിലാണ്.

Related Tags :
Similar Posts