International Old
തിരിച്ചു വരില്ല ഞാന്‍: ചിമ്പാന്‍സിയുടെ തടവു ചാട്ടം വൈറലാകുന്നു''തിരിച്ചു വരില്ല ഞാന്‍'': ചിമ്പാന്‍സിയുടെ തടവു ചാട്ടം വൈറലാകുന്നു
International Old

''തിരിച്ചു വരില്ല ഞാന്‍'': ചിമ്പാന്‍സിയുടെ തടവു ചാട്ടം വൈറലാകുന്നു

admin
|
13 May 2018 4:43 AM GMT

ആള് ചിമ്പാന്‍സി ആയതുകൊണ്ട് ജയില്‍ ചാട്ടത്തിന് എന്ത് ശിക്ഷ കൊടുക്കുമെന്ന കണ്‍ഫ്യൂഷനിലാണ് മൃഗശാലാധികൃതര്‍

ജപ്പാനിലെ സെന്‍ഡായി നഗരത്തിലെ യാജിയാമ സുവോളജിക്കല്‍ പാര്‍ക്കിലെ തടവുജീവിതം മടുത്തപ്പോളാണ് 24 കാരനായ ചാച്ച ജയിലുചാടാന്‍ ഉറപ്പിച്ചത്. ജയില്‍ ചാട്ടം അതിവിദഗ്ധമായി നടന്നുവെങ്കിലും പിടിക്കപ്പെട്ടു.

മൃഗശാലയിലെ വൈദ്യുത പോസ്റ്റ് വഴി രക്ഷപ്പെടാനായിരുന്നു ചാച്ചയുടെ ശ്രമം. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ അധികൃതര്‍ അനുനയ ശ്രമമാരംഭിച്ചു. പക്ഷേ കക്ഷി വഴങ്ങിയില്ല. അതോടെ പിന്നെ മയക്കുവെടി വെക്കുകയായിരുന്നു. പെട്ടെന്നൊന്നും തോറ്റു തരാന്‍ പക്ഷേ ചാച്ച തയ്യാറായിരുന്നില്ല. വെടിയേറ്റ അവന്‍ പോസ്റ്റില്‍ നിന്ന് ലൈനിലേക്ക് കയറി. വൈദ്യുതി ബന്ധം ഉടനെ വിഛേദിച്ചതിനാല്‍ വാനരന്റെ 'ആത്മഹത്യാഭീഷണി'' ഫലിച്ചില്ല. ലൈനില്‍ തൂങ്ങിക്കിടന്നു എന്നല്ലാതെ താഴെയിറങ്ങാന്‍ അവനും തയ്യാറായില്ല.

മയക്കുവെടി പതിയെ ഫലിച്ചു തുടങ്ങിയപ്പോള്‍ രക്ഷയില്ലാതെ കാലിലെ പിടുത്തം പതുക്കെ അയഞ്ഞു. പക്ഷേ അപ്പോഴും ചാച്ച കൈവിടാന്‍ തയ്യാറായില്ല. കൈ കൊണ്ടും പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ തല കുത്തനെ താഴേക്ക്. മൃഗശാല ജീവനക്കാര്‍ താഴെ പ്ളാസ്റ്റിക് ഷീറ്റു പിടിച്ചു റെഡിയായി നിന്നതിനാല്‍ പരിക്കൊന്നും പറ്റിയില്ല.. നേരെ വണ്ടിയില്‍ കയറ്റി കൊണ്ടുപോയിട്ടുണ്ട്... എങ്ങോട്ടാണെന്നറിയോ, കൂട്ടിലേക്ക്...

പക്ഷേ ആള് ചിമ്പാന്‍സി ആയതുകൊണ്ട് ജയില്‍ ചാട്ടത്തിന് എന്ത് ശിക്ഷ കൊടുക്കുമെന്ന കണ്‍ഫ്യൂഷനിലാണ് മൃഗശാലാധികൃതര്‍. ജയില്‍ച്ചാട്ടവും ആത്മഹത്യാഭീഷണിയും മനുഷ്യരുടെ മാത്രം കുത്തകയല്ലെന്ന് മനസ്സിലായില്ലേ...

Similar Posts