"ഞാന്‍ ഏറെക്കാലമുണ്ടാവില്ല, പക്ഷേ കമ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കും": കാസ്ട്രോ
|താന്‍ വിടവാങ്ങിയാലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയവും അടിത്തറയും നിലനില്‍ക്കുമെന്ന് കാസ്ട്രോ പറഞ്ഞു.
ക്യൂബന്‍ വിപ്ലവ നേതാവും മുന്‍ പ്രസിഡന്റുമായ ഫിഡല്‍ കാസ്‌ട്രോ ദീര്‍ഘനാളുകള്‍ക്ക് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചടങ്ങിലെത്തി. ഹവാനയില്‍ നടക്കുന്ന ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താണ് കാസ്ട്രോ സംസാരിച്ചത്. താന്‍ വിടവാങ്ങിയാലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയവും അടിത്തറയും നിലനില്‍ക്കുമെന്ന് കാസ്ട്രോ പറഞ്ഞു.
പ്രായം 90ലെത്തുന്നുവെന്ന് ഓര്‍മ്മിപ്പിക്കുമ്പോഴും ക്യൂബന്‍ വിപ്ലവ നായകന്റെ വാക്കുകളില്‍ ഇടര്‍ച്ചയുണ്ടായിരുന്നില്ല. ക്യൂബക്കാരോടൊപ്പം ഇനിയുമേറെക്കാലം താനുണ്ടാവുമെന്ന് ഉറപ്പില്ല. പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറയും ആശയവും ക്യൂബന്‍ മണ്ണില്‍ നിലനില്‍ക്കുക തന്നെ ചെയ്യും. വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ക്യൂബ മുന്നോട്ടുപോകുമെന്ന് കാസ്ട്രോ ഉറപ്പു നല്‍കി.
ഇങ്ങനെ സംസാരിക്കുന്ന എന്നെ ഒരു പക്ഷെ ഇനി നിങ്ങള്‍ കണ്ടെന്ന് വരില്ല. എനിക്ക് ഇങ്ങനെ ഒരു അവസരം തന്നതില്‍ അതിയായ നന്ദിയുണ്ട്. രാഷ്ട്രത്തെ ധീരമായി മുന്നോട്ടുനയിക്കുന്ന സഹോദരന്‍ റൌളിനും സഹപ്രവര്‍ത്തകര്‍ക്കും ഞാന്‍ എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി നേതാക്കളെ അനുമോദിച്ചുകൊണ്ടാണ് കാസ്‌ട്രോ പ്രസംഗം അവസാനിപ്പിച്ചത്. ത്രിദിന പാര്‍ട്ടി കോണ്‍ഗ്രസ് റൌള്‍ കാസ്‌ട്രോയെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തു.