ഭീതിയുടെ ദന്ത ഡോക്ടര്‍ക്ക് എട്ട് വര്‍ഷത്തെ തടവ്
|ചികിത്സയെന്ന വ്യാജേന രോഗികളുടെ വായ ബോധപൂര്‍വം വികൃതമാക്കിയ കേസുകളിലാണ് ശിക്ഷ. ദന്തിസ്റ്റ് ഓഫ് ഹൊറര്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
ഡച്ച് ദന്തിസ്റ്റ് യേക്കബ്സ് വാന്‍ നിറോക്ക് ഫ്രഞ്ച് കോടതി എട്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ചികിത്സയെന്ന വ്യാജേന രോഗികളുടെ വായ ബോധപൂര്‍വം വികൃതമാക്കിയ കേസുകളിലാണ് ശിക്ഷ. ദന്തിസ്റ്റ് ഓഫ് ഹൊറര്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
ഫ്രാന്‍സില്‍ ദന്തിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന കാലഘട്ടത്തിലാണ് ഡച്ച് പൌരനായ വാന്‍ നിറോ രോഗികളോട് ക്രൂരമായി പെരുമാറിയത്. 120ലേറെ രോഗികളുടെ വായയാണ് സര്‍ജറി എന്ന വ്യാജേന ഇയാള്‍ വികൃതമാക്കി മാറ്റിയത്.
നൂറിലേറെ രോഗികള്‍ പരാതിയുമായി എത്തിയതോടെയാണ് ഫ്രഞ്ച് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പൊലീസ് അന്വേഷണമാരംഭിച്ചതോടെ ഇയാള്‍ കാനഡയിലേക്ക് കടന്നു. 2014ല്‍ കാനഡയില്‍ വെച്ചാണ് നിറോ അറസ്റ്റിലാവുന്നത്. തുടര്‍ന്ന് നടന്ന വിചാരണക്ക് ശേഷമാണ് ഇപ്പോള്‍ കോടതി എട്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. പ്രാക്ടീസ് ചെയ്യുന്നതിന് ഇയാള്‍ക്ക് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രോഗികളെ വേദനിപ്പിക്കുന്നത് തന്‍റെ വിനോദമായിരുന്നുവെന്ന് നിറോ കോടതിയില്‍ സമ്മതിച്ചു. രോഗികളെ താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും അതിനാല്‍ ആരുടേയും മുഖം ഓര്‍മയില്ലെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. രോഗികളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്തതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.