ഇസ്രായേല്‍ - ഫലസ്തീന്‍ ശാശ്വത സമാധാനത്തിന് ദ്വിരാഷ്ട്ര പരിഹാരമാണ് അഭികാമ്യമെന്ന് മാര്‍പ്പാപ്പ
|സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സമാധാന ചര്‍ച്ചകള്‍ എത്രയും വേഗം പുനരാരംഭിക്കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു
ഇസ്രായേല്‍ - ഫലസ്തീന്‍ ശാശ്വത സമാധാനത്തിന് ദ്വിരാഷ്ട്ര പരിഹാരമാണ് അഭികാമ്യമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സമാധാന ചര്‍ച്ചകള്‍ എത്രയും വേഗം പുനരാരംഭിക്കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. ക്രിസ്മസ് ദിനത്തില്‍ നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഫലസ്തീന്‍ - ഇസ്രായേല്‍ സംഘര്‍ഷങ്ങളെ കുറിച്ച് മനസ് തുറന്നത്.
ഇസ്രയേലും പലസ്തീനും പരസ്പരം അംഗീകരിക്കുന്ന രണ്ടു സ്വതന്ത്രരാജ്യങ്ങളായി പശ്ചിമേഷ്യൻ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്ന് മാര്‍പ്പാപ്പ അഭ്യര്‍ഥിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച പശ്ചാത്തലത്തിൽ നല്‍കിയ ക്രിസ്മസ് സന്ദശത്തിലാണ് പാപ്പയുടെ അഭ്യര്‍ഥന. സംഘർഷം ഒഴിവാക്കാൻ സമാധാന ചർച്ചകള്‍ എത്രയും വേഗം പുനരാരംഭിക്കണമെന്നും മാർപാപ്പ നിർദേശിച്ചു.
'പശ്ചിമേഷ്യയിലെ കുഞ്ഞുങ്ങളിൽ ഞാൻ യേശുവിനെ കാണുന്നു. അതുകൊണ്ടു രണ്ടു രാജ്യങ്ങളും തമ്മിൽ ചർച്ച ആരംഭിക്കുകയും അത് പ്രശ്നപരിഹാരത്തിനു വഴി തെളിയിക്കുകയും ചെയ്യട്ടെ എന്നു പ്രാർഥിക്കുന്നു. സെന്റ് പീറ്റേഴ്സ് ബെസ്‍ലിക്കയിൽ എത്തിയ ആയിരങ്ങളോടു മാർപാപ്പ പറഞ്ഞു. ഈ മാസം ആറിനു ട്രംപ് നടത്തിയ ജറൂസലം പ്രഖ്യാപനത്തിനുശേഷം ഇതു രണ്ടാം തവണയാണു മാർപാപ്പ ഈ വിഷയത്തെക്കുറിച്ചു പ്രസംഗിക്കുന്നത്.