അര്‍മേനിയ-അസര്ബൈജാന് സൈനിക ഏറ്റുമുട്ടല്‍:പിന്മാറുന്നതായി അസര്ബൈജാന്
|നഗോര്‍ണോ-കാരബക്ക് പ്രദേശത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ഇരു രാജ്യത്തെയും മുപ്പതു സൈനികരാണ് കൊല്ലപ്പെട്ടത്.
അര്‍മേനിയ-അസര്ബൈജാന് സൈനിക ഏറ്റുമുട്ടലില്‍ നിന്നും ഏകപക്ഷീയമായി പിന്മാറുന്നതായി അസര്ബൈജാന് അറിയിച്ചു. നഗോര്‍ണോ-കാരബക്ക് പ്രദേശത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ഇരു രാജ്യത്തെയും മുപ്പതു സൈനികരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച അര്‍ധ രാത്രിയിലാണ് അര്‍മേനിയ-അസര്ബൈജാന് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. അര്‍മേനിയയുടെ 18 സൈനികരും അസര്‍ബൈജന്റെ 12 സൈനികരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ രണ്ടാംദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് തങ്ങള്‍ വെടിനിര്‍ത്തുകയാണെന്ന് അസര്ബൈജാന് അറിയിച്ചത്.
അതേസമയം അസര്‍ബൈജാന്റെ പ്രഖ്യാപനം ഒരു ചതിയാണെന്ന് അര്‍മേനിയന്‍ പ്രതിരോധമന്ത്രാലയം പ്രതികരിച്ചു. വെടിനിര്‍ത്തലിലൂടെ അസര്ബൈജാന് സൈന്യത്തെ പിന്‍വലിപ്പിക്കില്ലെന്ന് അര്‍മേനിയന്‍ പ്രതിരോധ പ്രസ് സെക്രട്ടറി ആര്‍സ്ട്രന്‍ ഹൊവാന്‍സിയ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇതോടെ ഇരു രാഷ്ട്രങ്ങളും തമ്മിലെ സംഘര്‍ഷം തുടരുമെന്നാണ് സൂചന.
നഗോര്‍ണോ-കാരബാക്ക് മേഖലയില്‍ ഇരുരാജ്യങ്ങളും അവകാശവാദമുന്നയിക്കുന്നതാണ് തര്‍ക്കകാരണം. അര്‍മേനിയ - അസര്ബൈജാന് തമ്മിലുള്ള യുദ്ധം 1994ലാണ് അവസാനിച്ചത്. അതിനു ശേഷം അര്‍മീനിയയുടെ അധീനതയിലാണ് നഗാര്‍നൊ-കരാബഖ് മേഖല. അര്‍മേനിയ ക്രിസ്ത്യനികളും അസൈര്ബൈജാന് മുസ്ലിങ്ങളും ഭൂരിപക്ഷമുള്ള പ്രദേശമാണ്.