ആണവായുധ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഉത്തര കൊറിയ
|കൊറിയൻ ഭീഷണി നേരിടാനുള്ള യുഎസ് സൈന്യത്തിന്റെ ശേഷിയിലും സന്നദ്ധതയിലും ആത്മവിശ്വാസമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്
നിര്‍ദ്ദിഷ്ട ആണവായുധ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ഉത്തര കൊറിയ. ജപ്പാന് മുകളിലൂടെ വെള്ളിയാഴ്ച രണ്ടാമതും ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം. കൊറിയൻ ഭീഷണി നേരിടാനുള്ള യുഎസ് സൈന്യത്തിന്റെ ശേഷിയിലും സന്നദ്ധതയിലും ആത്മവിശ്വാസമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും പ്രതികരിച്ചു.
യഥാർഥ യുദ്ധത്തിനായി ആണവായുധങ്ങൾ വിന്യസിക്കുമെന്ന പ്രഖ്യാപനത്തോടെ രണ്ടാമതും മിസൈല്‍ പരീക്ഷണം നടത്തിയ കൊറിയന്‍ ഭരണാധികാരി, സൈനിക ശക്തിയിൽ യുഎസിനെ മറികടക്കുകയെന്ന ലക്ഷ്യത്തോട് അടുക്കുകയാണ് തങ്ങളെന്നും വ്യക്തമാക്കി. മിസൈൽ വിക്ഷേപണത്തിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച കിം, ഇത് തങ്ങളുടെ സൈനിക ശേഷിയും ആയുധബലവുമാണ് കാണിക്കുന്നതെന്നും വിശദീകരിച്ചു. യുഎന്നിന്റെയും മറ്റു രാജ്യങ്ങളുടെയും എതിർപ്പ് മറികടന്നും തുടങ്ങിവെച്ച ആണവ പദ്ധതി പൂർത്തിയാക്കും.
വെള്ളിയാഴ്ചയാണ് ഉത്തര കൊറിയ രണ്ടാമതും ജപ്പാനു മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. ഓഗസ്റ്റ് 29നും ഇതേ രീതിയിൽ ഉത്തരകൊറിയ മിസൈൽ വിക്ഷേപിച്ചിരുന്നു. ഈമാസമാദ്യം ഹൈഡ്രജൻ ബോംബ് പരീക്ഷണവും നടത്തി. ഇതിനിടെ ഉത്തരകൊറിയൻ ഭീഷണി നേരിടാനുള്ള യുഎസ് സൈന്യത്തിന്റെ ശേഷിയിലും സന്നദ്ധതയിലും ആത്മവിശ്വാസമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
മിസൈൽ വിക്ഷേപണത്തെ യുഎൻ രക്ഷാസമിതിയും ശക്തമായി അപലപിച്ചു. ബോംബ് പരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ യുഎൻ രക്ഷാസമിതി തിങ്കളാഴ്ച ഉത്തരകൊറിയയ്ക്കുമേൽ കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. കൊറിയക്കെതിരെ പ്രഖ്യാപിച്ച ഉപരോധങ്ങൾ പൂർണമായും ശക്തമായും നടപ്പാക്കാൻ എല്ലാ രാജ്യങ്ങളോടും സമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു.