സിറിയ: റഷ്യയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കുമെന്ന് യുഎസ് മുന്നറിയിപ്പ്
|റഷ്യ നടത്തുന്ന ബോംബാക്രമണങ്ങളില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അതൃപ്തി അറിയിച്ചു.
സിറിയ വിഷയത്തില്‍ റഷ്യയുമായി നടത്തുന്ന ചര്‍ച്ചകള്‍ അവസാനിപ്പിച്ചേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. റഷ്യ നടത്തുന്ന ബോംബാക്രമണങ്ങളില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അതൃപ്തി അറിയിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തി ഇല്ലെന്നും അമേരിക്ക മറ്റ് മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയെന്നും ജോണ്‍ കെറി പറഞ്ഞു. വെടിനിര്‍ത്തലിനെ റഷ്യ എത്രത്തോളം ഗൌരവമായി കാണുന്നുണ്ടെന്ന് അറിയില്ലെന്നും ഏതായാലും അമേരിക്ക മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായും കെറി കൂട്ടിച്ചേര്‍ത്തു. സിറിയയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ അമേരിക്കയും റഷ്യയും മാസങ്ങളായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. സൈനിക നീക്കമുള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ബരാക് ഒബാമയുടെ ഓഫീസും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.