International Old
നാറ്റോ സഖ്യത്തിനുള്ള പിന്തുണ തുടരുമെന്ന് അമേരിക്കനാറ്റോ സഖ്യത്തിനുള്ള പിന്തുണ തുടരുമെന്ന് അമേരിക്ക
International Old

നാറ്റോ സഖ്യത്തിനുള്ള പിന്തുണ തുടരുമെന്ന് അമേരിക്ക

Sithara
|
16 May 2018 8:19 PM GMT

അംഗരാജ്യങ്ങള്‍ നാറ്റോയുടെ പൊതുഫണ്ടിലേക്ക് തുക സമാഹരിക്കാത്തത് നാറ്റോയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ തകിടം മറിക്കുന്നെന്നും മ്യൂണിക്കില്‍ അന്താരാഷ്ട്ര സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് മൈക്ക് പെന്‍സ്

നാറ്റോ സഖ്യത്തിനുള്ള അമേരിക്കയുടെ പിന്തുണ അചഞ്ചലമായി തുടരുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. അംഗരാജ്യങ്ങള്‍ നാറ്റോയുടെ പൊതുഫണ്ടിലേക്ക് തുക സമാഹരിക്കാത്തത് നാറ്റോയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ തകിടം മറിക്കുന്നെന്നും മ്യൂണിക്കില്‍ അന്താരാഷ്ട്ര സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് മൈക്ക് പെന്‍സ് പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അധികാരമേറ്റതിന് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര ഉച്ചകോടിയിലാണ് നാറ്റോ സഖ്യം സംബന്ധിച്ച് അമേരിക്ക നയം വ്യക്തമാക്കിയത്. നാറ്റോയുടെ പൊതു ഫണ്ടിലേക്ക് കുടിശിക വരുത്തുന്ന അംഗരാജ്യങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിന് പുനരാലോചന നടത്തേണ്ടിവരുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന. എന്നാല്‍ നാറ്റോയ്ക്കുള്ള പിന്തുണ അചഞ്ചലമായി തുടരുമെന്നാണ് മൈക്ക് പെന്‍സ് മ്യൂണിക് ഉച്ചകോടിയില്‍ വ്യക്തമാക്കിയത്.

"പ്രസിഡന്റ് എന്നെ ഇങ്ങോട്ട് അയച്ചത് അദ്ദേഹത്തിന്റെ ആശംസകളും സന്ദേശവും അറിയിക്കാനാണ്. പ്രസിഡന്റ് ട്രംപിന് വേണ്ടി ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. അമേരിക്ക നാറ്റോയെ ശക്തമായി പിന്തുണയ്ക്കുന്നു. അറ്റ്‍ലാന്റിക് സമുദ്രത്തിന് അപ്പുറമുള്ള സഖ്യത്തിനെ അമേരിക്ക അചഞ്ചലമായി പിന്തുണയ്ക്കുന്നു", മൈക്ക് പെന്‍സ് വ്യക്തമാക്കി.

അതേസമയം പൊതുഫണ്ടിലേക്ക് അംഗരാജ്യങ്ങള്‍ കുടിശിക വരുത്തുന്നതിനെയും പെന്‍സ് വിമര്‍ശിച്ചു. നിലവില്‍ അംഗരാജ്യങ്ങളില്‍ അമേരിക്ക അടക്കം അഞ്ച് രാജ്യങ്ങള്‍ മാത്രമാണ് നിശ്ചിത വിഹിതം പൊതുഫണ്ടിലേക്ക് നല്‍കുന്നത്. രാജ്യത്തിന്റെ ജിഡിപിയുടെ 2 ശതമാനം നാറ്റോ പൊതുഫണ്ടിലേക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. അതേസമയം റഷ്യക്കെതിരെ മൈക്ക് പെന്‍സ് നടത്തിയ പരാമര്‍ശം വിവാദമായി. ഉക്രൈയ്നില്‍ ഇടപെടല്‍ നടത്തുന്ന റഷ്യ മിന്‍സ്ക് സമാധാന ഉടമ്പടി പാലിക്കണമെന്നായിരുന്നു പെന്‍സിന്റെ പ്രസ്താവന. നിലവില്‍ റഷ്യയുമായി വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് പ്രസിഡന്റ് ഡൊളാള്‍ഡ് ട്രംപിന്റെ നിലപാട്.

Related Tags :
Similar Posts