മൊസൂളില്‍ ഒരു ലക്ഷത്തിലേറെ പേരെ ഐഎസ് മനുഷ്യ കവചമായി ഉപയോഗിക്കുന്നതായി യുഎന്‍
|2014ല്‍ ഐഎസ് പിടിച്ചെടുത്ത മൊസൂള്‍ തിരിച്ചു പിടിക്കാനായി യുഎസ് സൈന്യത്തോടൊപ്പം കടുത്ത പോരാട്ടമാണ് ഇറാഖ് നടത്തുന്നത്
ഇറാഖിലെ മൊസൂളില്‍ ഒരു ലക്ഷത്തിലേറെ പേരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ മനുഷ്യ കവചമായി ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്ര സഭ. 2014ല്‍ ഐഎസ് പിടിച്ചെടുത്ത മൊസൂള്‍ തിരിച്ചു പിടിക്കാനായി യുഎസ് സൈന്യത്തോടൊപ്പം കടുത്ത പോരാട്ടമാണ് ഇറാഖ് നടത്തുന്നത്.
സാധാരണ ജനങ്ങളെ സമീപനഗരങ്ങളില്‍ നിന്ന് ബലംപ്രയോഗിച്ച് പിടികൂടി മൊസൂളിലെത്തിച്ച് മനുഷ്യകവചമായി ഐ എസ് ഭീകരര്‍ ഉപയോഗിക്കുകയാണെന്ന് ഇറാഖിലെ യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ പ്രതിനിധി ബ്രൂണോ ഗെഡ്ഡോ പറഞ്ഞു. പോരാട്ടത്തിലൂടെ ഇറാഖി സൈന്യംഓരോ സ്ഥലങ്ങളും നിയന്ത്രണത്തിലാക്കുമ്പോള്‍ അവിടെ നിന്ന് പിന്‍വാങ്ങുന്ന ഐഎസ് പോരാളികള്‍ സിവിലിയന്മാരുമായിട്ടാണ് പിന്‍വാങ്ങുന്നത്. പോരാട്ടം തുടരുന്ന സ്ഥലങ്ങളില്‍ ആവശ്യത്തിന് ഭക്ഷണോ, വെള്ളമോ, വൈദ്യുതിയോ ഒന്നും ബാക്കിയില്ല. രക്ഷപെടാന്‍ ശ്രമിക്കുന്നവരെ വെടിവെച്ചുകൊല്ലുകയാണ്. മരണമാണ് അവരുടെ ലക്ഷ്യം. അതിന് മുന്‍പായി പരമാവധി ഏതൊക്കെ തരത്തില്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമോ അതെല്ലാം അവര്‍ ചെയ്യും.
ഒമ്പത് മാസം മുമ്പാണ് മൂസില്‍ തിരിച്ചുപിടിക്കാനുള്ള അന്തിമപോരാട്ടം തുടങ്ങിയത്. ഇതിനോടകം 8,62,000 പേര് ഇവിടെ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഇതില്‍ 1,95,000 പേര് തിരിച്ചെത്തി. ഇവര്‍ ഐഎസിന് നിയന്ത്രണം നഷ്ടപ്പെട്ട മൊസൂളിന്റെ കിഴക്കന്‍ പ്രദേശങ്ങളിലാണുള്ളത്. ബാക്കിയുള്ള 667,000 പേര് ഇപ്പോഴും യുഎന്‍ ഒരുക്കിയ ക്യാമ്പുകളിലോ മറ്റിടങ്ങളിലെ ബന്ധുക്കള്‍ക്ക് ഒപ്പമോ ഒക്കെയാണ് കഴിയുന്നത്. അഞ്ച് ലക്ഷം പേര്‍ക്ക് സഹായം എത്തിക്കാന്‍ യുഎന്നിന് കഴിഞ്ഞിട്ടുണ്ട്.