International Old
ബഹിരാകാശത്ത് ചൈനീസ് ആധിപത്യം; ചരിത്രദൌത്യത്തിന് തുടക്കംബഹിരാകാശത്ത് ചൈനീസ് ആധിപത്യം; ചരിത്രദൌത്യത്തിന് തുടക്കം
International Old

ബഹിരാകാശത്ത് ചൈനീസ് ആധിപത്യം; ചരിത്രദൌത്യത്തിന് തുടക്കം

Alwyn K Jose
|
17 May 2018 3:49 PM GMT

പട്ടുനൂല്‍പ്പുഴുക്കളെ ഉപയോഗിച്ചുള്ള ജൈവ പരീക്ഷണങ്ങളും ഹൃദയാരോഗ്യം സംബന്ധിച്ച നിരീക്ഷണ, ഗവേഷണങ്ങളും ചൈനീസ് ശാസ്ത്രജ്ഞര്‍ നടത്തും.

മനുഷ്യരെ വഹിച്ചുള്ള ചൈനയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യത്തിന് തുടക്കമായി. രണ്ട് ബഹിരാകാശ ഗവേഷകരേയും വഹിച്ചുള്ള ഷെന്‍ഷു-പതിനൊന്ന് പേടകം ഇന്നലെ വൈകീട്ടാണ് യാത്ര തുടങ്ങിയത്. 33 ദിവസം ഗവേഷകര്‍ ബഹിരാകാശത്ത് തങ്ങും. പട്ടുനൂല്‍പ്പുഴുക്കളെ ഉപയോഗിച്ചുള്ള ജൈവ പരീക്ഷണങ്ങളും ഹൃദയാരോഗ്യം സംബന്ധിച്ച നിരീക്ഷണ, ഗവേഷണങ്ങളും ചൈനീസ് ശാസ്ത്രജ്ഞര്‍ നടത്തും. ചിങ് ഹെയ്‌പെങ്ങും ചെന്‍ ഡോങ്ങുമാണ് സ്വര്‍ഗീയ പേടകം എന്നര്‍ഥം വരുന്ന ഷെന്‍ഷു-പതിനൊന്നിലെ യാത്രക്കാര്‍.

ചൈനീസ് ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദൗത്യത്തിനായി പുറപ്പെട്ട ഇരുവരും തിയാന്‍ഗോങ്-രണ്ട് സ്പേസ് ലബോറട്ടറിയില്‍ മുപ്പതുദിവസം ഗവേഷണപരീക്ഷണങ്ങള്‍ നടത്തും. ഗോബി മരുഭൂമിയിലെ ചിയുകുവാന്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് ലോങ് മാര്‍ച്ച് ടൂ-എഫ് റോക്കറ്റില്‍ ഘടിപ്പിച്ചാണ് ഷെന്‍ഷു പേടകം വിക്ഷേപിച്ചത്. ഒരുമാസം മുന്പാണ് ചൈന ബഹിരാകാശത്ത് തിയാന്‍ഗോങ് രണ്ട് സ്പേസ് ലബോറട്ടറി സ്ഥാപിച്ചത്. ബഹിരാകാശത്തെ അത്യാഹിതങ്ങള്‍ നേരിടുന്നതിനും പ്രഥമശുശ്രൂഷ നല്‍കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള പരീക്ഷണങ്ങളാണ് ഇവര്‍ നടത്തുക. നിലവില്‍ ഭൂമിയോട് അടുത്തുനില്‍ക്കുന്ന ഭ്രമണപഥത്തിലാണ് ചൈന മനുഷ്യരെ എത്തിച്ച് പരീക്ഷണങ്ങള്‍ നടത്തുന്നത്. അധികം വൈകാതെ ഇത് വിദൂരമേഖലകളിലേക്ക് വ്യാപിപ്പിക്കും. 2022 നകം ബഹിരാകാശത്ത് സ്വന്തം സ്പേസ് സ്റ്റേഷന്‍‌ സ്ഥാപിക്കാനും ചൈന തീരുമാനിച്ചിട്ടുണ്ട്.

Similar Posts