അല്‍ അഖ്സ പള്ളി ഇസ്രായേല്‍ അടച്ചു പൂട്ടി
|17 വര്‍ഷത്തിനിടെ ആദ്യമായി പള്ളിയില്‍ ജുമുഅ നമസ്കാരം മുടങ്ങി
വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അല്‍ അഖ്സ പള്ളി ഇസ്രായേല്‍ അടച്ചു പൂട്ടി. 17 വര്‍ഷത്തിനിടെ ആദ്യമായി പള്ളിയില്‍ ജുമുഅ നമസ്കാരം മുടങ്ങി. പ്രാര്‍ഥന മുടക്കിയതിനെതിരെ പള്ളിയുടെ സമീപത്ത് ജുമുഅ നടത്താന്‍ ശ്രമിച്ച മുതിര്‍ന്ന ഇസ്ലാമിക പണ്ഡിതനെ ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തു. മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. മുസ്ലിംകള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ആരാധനാലയങ്ങളിലൊന്നാണ് ജറുസലേമിലെ മസ്ജിദുല്‍ അഖ്സ. ഫലസ്തീന്‍ അധിനിവേശത്തിന് ശേഷം ഇസ്രയേലിന്റെ കാവലിലാണ് പള്ളി. ഇതിന്റെ കവാടത്തില്‍ ഇന്നലെ മൂന്നു പേരെത്തി സൈന്യത്തിന് നേരെ വെടിവെച്ചു. ഇസ്രായേല്‍ വംശജരാണ് ആക്രമണം നടത്തിയത്. മുഹമ്മദ് ജബരീന്‍, അബ്ദുല്‍ ലത്തീഫ്, മദ്ഫല്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇതോടെ പള്ളി ഇസ്രയേല്‍ സൈന്യം പൂട്ടി. ജുമുഅ നമസ്കാരവും മുടങ്ങി. ജുമുഅ തടഞ്ഞതില്‍ പ്രതിഷേധിച്ച് ഗ്രാന്റ് മുഫ്തിയുടെ നേതൃത്വത്തില്‍ പള്ളിക്കുസമീപം പ്രാര്‍ഥന നടത്താന്‍ ശ്രമം നടന്നു.
ഇതിനിടെ ഗ്രാന്റ് മുഫ്തി ശൈഖ് അഹ്മദ് ഹുസൈനെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. അറസ്റ്റിനെ കുറിച്ച് ഇസ്രേയേല്‍ പ്രതികരിച്ചിട്ടില്ല. വെടിവെപ്പിനെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപലപിച്ചു. മുസ്ലിംകള്‍ക്ക് പള്ളിയിലേക്ക് പ്രവേശനം നല്‍കരുതെന്നാവശ്യപ്പെട്ട് ഇസ്രായേലിലെ തീവ്ര വലത് എംപിമാര്‍ രംഗത്തുണ്ട്. ആവശ്യം പക്ഷേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളി. പള്ളി പൂട്ടിയതോടെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിട്ടുണ്ട്.