റോഹിങ്ക്യകളെ സഹായിക്കാനുള്ള യു.എന്‍ നീക്കത്തിനെതിരെ മ്യാന്മര് സര്‍ക്കാര്‍
|യുഎന്‍ വസ്തുതാന്വേഷണ സംഘത്തിന് വിസ നിഷേധിച്ച സര്‍ക്കാര്‍ നിലപാടും നേരത്തെ വാര്‍ത്തയായിരുന്നു
മ്യാന്മറില് ദുരിതം പേറുന്ന റോഹിങ്ക്യകളെ സഹായിക്കാനുള്ള യുഎന്‍ നീക്കത്തിനെതിരെ മ്യാന്മര് സര്‍ക്കാര്‍. വിഷയത്തില്‍ ഇടപെടാനുള്ള യുഎന്‍ നീക്കം റോഹിങ്ക്യകളുടെ ദുരിതം വര്‍ധിപ്പിക്കാനേ ഉപകരിക്കൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. യുഎന്‍ വസ്തുതാന്വേഷണ സംഘത്തിന് വിസ നിഷേധിച്ച സര്‍ക്കാര്‍ നിലപാടും നേരത്തെ വാര്‍ത്തയായിരുന്നു.
റോഹിങ്ക്യന്‍ മുസ്ലിംകള് കൊടുംപട്ടിണിയിലാണെന്ന ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് പുറത്തുവന്നതിനു തൊട്ടു പിന്നാലെയാണ് വിഷയത്തിലിടപെടാനുള്ള യുഎന്‍ നീക്കത്തിനെതിരെ മ്യാന്മര് സര്‍ക്കാര്‍ രംഗത്തുവന്നത്. യുഎന്‍ നിലപാട് റോഹിങ്ക്യകളുടെ ദുരിതം വര്‍ധിപ്പിക്കാനേ ഉപകരിക്കൂവെന്ന് പറഞ്ഞ സര്‍ക്കാര്‍ വക്താവ് പ്രചരിപ്പിക്കപ്പെടുന്ന പല കണക്കുകളും പെരുപ്പിച്ച് കാണിച്ചതാണെന്നും ആരോപിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന സൈനികനടപടിക്ക് ശേഷം മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്ലിംകളുടെ സ്ഥിതി അതീവ ദയനീയമാണെന്നും രണ്ടേകാല്‍ ലക്ഷം പേർ അടിയന്തര സഹായം തേടുകയാണെന്നുമാണ് വേൾഡ് ഫുഡ് പ്രോഗ്രാം തയാറാക്കിയ റിപ്പോർട്ട്. കടുത്ത പട്ടിണി പേറുന്നവരില്‍ തൊണ്ണൂറായിരത്തോളം പേര് കുട്ടികളാണ്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന സൈനികനടപടിയിൽ പതിനായിരക്കണക്കിന് പുരുഷന്മാർ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാവുകയോ ചെയ്തു. അവശേഷിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരില്‍ നടത്തിയ പഠനമാണ് റോഹിങ്ക്യകളുടെ ദുരിത ജീവിതം പുറത്തെത്തിച്ചത്. അതേസമയം റോഹിങ്ക്യകൾ നേരിട്ട പീഡനങ്ങൾ സംബന്ധിച്ച് അന്വേഷിക്കാൻ എത്തുന്ന യു.എൻ സംഘത്തിന് പ്രവേശനം നിഷേധിക്കുന്നതടക്കം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് മ്യാന്മറിലെ ജനാധിപത്യ പ്രക്ഷോഭക ആങ്സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള മ്യാന്മർ സർക്കാർ കൈക്കൊള്ളുന്നത്.