ആദ്യ തത്സമയ സംവാദത്തിന് ശേഷം ഹിലരി ക്ലിന്റന് മുന്‍തൂക്കം
|പരസ്പരം പ്രകോപിപ്പിച്ച് മുന്നേറാനുള്ള ശ്രമമായിരുന്നു ഇരുവരും നടത്തിയത്. മുന്നൊരുക്കത്തിന്റെ അഭാവമായിരുന്നു ട്രംപിന് തിരിച്ചടിയായത്.
ആദ്യ തത്സമയ സംവാദം അവസാനിച്ചപ്പോള്‍ ട്രംപിനേക്കാള്‍ ഹിലരി മുന്നിലെത്തി എന്നാണ് അഭിപ്രായ സര്‍വെ. പരസ്പരം പ്രകോപിപ്പിച്ച് മുന്നേറാനുള്ള ശ്രമമായിരുന്നു ഇരുവരും നടത്തിയത്. മുന്നൊരുക്കത്തിന്റെ അഭാവമായിരുന്നു ട്രംപിന് തിരിച്ചടിയായത്.
അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട സംവാദത്തില്‍ എല്ലാ അഭിപ്രായ സര്‍വേയിലും മുന്നിട്ട് നില്‍ക്കുന്നത് ഹിലരിയാണ്. എന്‍ബിസി സര്‍വേ പ്രകാരം ട്രംപിനെ അപേക്ഷിച്ച് അഞ്ച് പോയന്റിന് വര്‍ധനവാണ് ഹിലരിക്കുള്ളത്. സര്‍വേയില്‍ കൗമാരക്കാരും മധ്യവയസ്കരും ഹിലരിയയെയാണ് കൂടുതലായും പിന്തുണച്ചത്. 30 വയസ്സിന് താഴെയുള്ളവരില്‍ 49 ശതമാനം പേരും ഹിലരിയുടെ സംവാദത്തെ പിന്തുണച്ചു.
ആര്‍സിപി ജനറല്‍ ഇലക്ഷന് സര്‍വെയിലും ഹിലരിക്കാണ് മുന്‍തൂക്കം. ട്രമ്പിനെ 43.7 ശതമാനം പേര് അനുകൂലിച്ചപ്പോള്‍ ഹിലരിയെ 46.2 ശതമാനംപേര്‍ പിന്തുണച്ചു. സംവാദത്തില്‍ ട്രംപിന്റെ കടന്നാക്രമണത്തെ പലപ്പോഴും ചിരിച്ചുകൊണ്ടാണ് ഹിലരി നേരിട്ടത്. എന്നാല്‍ ഹിലരി സംസാരിക്കുന്നതിനിടക്ക് കയറി സംസാരിക്കാനും ട്രംപ് പലപ്പോഴും ശ്രമം നടത്തി.