ഒബാമ 27 ന് ഹിരോഷിമ സന്ദര്‍ശിച്ചേക്കും
|ലോകത്ത് ആണവ നിര്‍വ്യാപന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം അവസാനത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഹിരോഷിമ സന്ദര്‍ശിച്ചേക്കും
ലോകത്ത് ആണവ നിര്‍വ്യാപന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം അവസാനത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഹിരോഷിമ സന്ദര്‍ശിച്ചേക്കും. ഏഷ്യയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കെത്തുന്ന ഒബാമ അവസാന ദിവസമായിരിക്കും ഹിരോഷിമ സന്ദര്‍ശിക്കുക. എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചതില്‍ ഒബാമ ഖേദം പ്രകടിപ്പിക്കില്ലെന്നാണ് വൈറ്റ് ഹൌസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ആണവ നിര്‍വ്യാപന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെയ് 27ന് ഹിരോഷിമയില്‍ ഒബാമ സന്ദര്‍ശനം നടത്തുന്നത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബോ അദേഹത്തോടൊപ്പം ചേരും. 2017ല്‍ കാലാവധി തീരുന്ന മുറക്ക് ലോകത്ത് ആണവായുധങ്ങള്‍ ഇല്ലാതാക്കലാണ് അദേഹത്തിന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൌസ് വൃത്തങ്ങള്‍ പറഞ്ഞു. സന്ദര്‍ശനത്തോടെ ജപ്പാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്ന് വൈറ്റ്ഹൌസ് വക്താവ് ജോണ്‍ ഏണസ്റ്റ് പറഞ്ഞു. ജി 7 ഉച്ചകോടിക്ക് മെയ് 21 മുതല്‍ 28 വരെ ഒബാമ ജപ്പാനിലുണ്ടാകും. ഇതിനിടയിലായിരിക്കും ഹിരോഷിമ സന്ദര്‍ശനം.
സന്ദര്‍ശനത്തിന്റെ അജണ്ടകള്‍ പൂര്‍ണമായും നിശ്ചയിച്ചിട്ടില്ലെന്നും ദുരന്തത്തില്‍ ഇരയാവരെ ഒബാമ സന്ദര്‍ശിക്കുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ലെന്നും വൈറ്റ്ഹൌസ് അറിയിച്ചു. ഹിരോഷിമയില്‍ പോകാനുള്ള ഒബാമയുടെ തീരുമാനത്തില്‍ വൈറ്റ് ഹൌസില്‍ ചൂടേറിയ ചര്‍ച്ചയാണ് നടന്നത്. ഹിരോഷിമ ദുരന്തത്തില്‍ അദേഹം ഖേദം പ്രകടിപ്പിച്ചാല്‍ അമേരിക്കയില്‍ അത് വന്‍വിമര്‍ശങ്ങള്‍ക്ക് വഴിവെക്കുമെന്നായിരുന്നു വൈറ്റ് ഹൌസ് വൃത്തങ്ങള്‍ പറഞ്ഞത്. അണുബോംബ് വര്‍ഷിച്ചതിനെ തുടര്‍ന്ന് ഇരയായവരുടെ ഓര്‍മകള്‍ സ്മരിക്കാന്‍ ഇരുരാജ്യങ്ങളും ഒരുമിക്കുന്നതിനെ പ്രതീക്ഷയോടെ കാണുന്നുവെന്നായിരുന്നു ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ പ്രതികരണം. ആണവ നിരായുധീകരണത്തിനുള്ള ഒബാമയുടെ നീക്കത്തിലെ പ്രധാനപ്പെട്ട ഒന്നായിരിക്കും ഒബാമയുടെ സന്ദര്‍ശനം.