തുര്‍ക്കിയില്‍ നിശാക്ലബ്ബില്‍ 39 പേരെ വെടിവെച്ച് കൊന്നയാളെ പൊലീസ് പിടികൂടി
|ഇസ്താംബൂളിലെ അപാര്‍ട്ട്മെന്റില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം കിര്ഗിസ്താന് പൌരനായ ഒരാളെയും മൂന്ന് സ്ത്രീകളെയും പൊലീസ് പിടികൂടിയിട്ടുണ്ട്
തുര്‍ക്കിയില്‍ നിശാക്ലബ്ബില്‍ 39 പേരെ വെടിവെച്ച് കൊന്നയാളെ പൊലീസ് പിടികൂടി. ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കിടെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.
ഇസ്താംബൂളിലെ അപാര്‍ട്ട്മെന്റില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം കിര്ഗിസ്താന് പൌരനായ ഒരാളെയും മൂന്ന് സ്ത്രീകളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. അബൂ മുഹമ്മദ് ഹൊറസാനിയെന്ന പേരില്‍ ആക്രമണം നടത്തിയ ഇയാള്‍ ഉസ്ബെക്കിസ്താന് പൌരനാണെന്നാണ് ഹെബര്തുര്ക്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പൊലീസിന്റെ വലിയതോതിലുള്ള ഓപ്പറേഷനൊടുവിലായിരുന്നു അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി പേരെ കസ്റ്റഡിയിലെടുത്തിരുന്നു. തുര്‍ക്കിയിലെ റെയ്ന നിശാക്ലബ്ബിലാണ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കിടെ വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ വിദേശികളക്കം 39 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം അന്ന് ഐഎസ് ഏറ്റെടുത്തിരുന്നു. സിറിയയില്‍ തുര്‍ക്കി നടത്തുന്ന ഇടപെടലുകളോടുള്ള പ്രതികാരമായാണ് ആക്രമണമെന്നായിരുന്നു ഐഎസ് പറഞ്ഞിരുന്നത്.